ദുബായ്: പാകിസ്ഥാനുമായി പ്രതിരോധ സഹകരണ കരാർ ഒപ്പിട്ട് കുവൈത്തും. സൗദി-തുർക്കി-പാകിസ്ഥാൻ പ്രതിരോധ സഹകരണ കരാറിനു പിന്നാലെ വീണ്ടും ഒരു ജിസിസി രാഷ്ട്രം കൂടി. സേനകളുടെ തയാറെടുപ്പ്, സൈനിക സഹകരണം, വൈദഗ്ദ്യം പങ്കുവെക്കൽ എന്നിവ ലക്ഷ്യം. സൈനിക-പ്രതിരോധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുമെന്നും സൈനിക വൈദഗ്ദ്യം പരസ്പരം കൈമാറുമെന്നും കരാറിൽ വ്യക്തമാക്കുന്നു. കുവൈത്ത് - പാക് സേനകൾ തമ്മിൽ പ്രവർത്തന ഏകോപനവും ലക്ഷ്യം വെക്കുന്നു. സൈനിക മുന്നൊരുക്കം മെച്ചപ്പെടുത്താനും പരസ്പരം താൽപര്യമുള്ള മേഖലകളിലും മേഖലയുടെ സുരക്ഷയിലും ഒരുമിച്ച് പ്രവർത്തിക്കാനും ധാരണയായി.
മേഖലയിലെ സംഭവ വികസങ്ങളിൽ പുതിയ നീക്കം നിർണായകം. സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ 'മെക്ക ജോയിന്റ് ഡിഫൻസ് അഗ്രിമെന്റ്' ഒപ്പുവെച്ചതിന് പിന്നാലെയാണ് കരാറിൽ കുവൈത്തും ഒപ്പം ചേർന്നത്. ഓഗസ്റ്റ് 7ന് മെക്കയിൽ വെച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജപ് തയ്യിപ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്നാണ് മെക്ക ജോയിന്റ് ഡിഫൻസ് അഗ്രിമെന്റിൽ ഒപ്പുവെച്ചത്. കൂട്ടായ പ്രതിരോധത്തിനും വിപുലമായ സൈനിക-സുരക്ഷാ സഹകരണത്തിനുമുള്ള ചട്ടക്കൂടാണ് ഈ കരാറിലൂടെ രൂപീകരിച്ചിരിക്കുന്നത്.
കരാർ പ്രകാരം ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ നടത്തുന്ന സായുധ ആക്രമണം മറ്റ് രണ്ട് രാജ്യങ്ങൾക്ക് നേരെയും നടന്ന ആക്രമണമായി കണക്കാക്കും. കൂടാതെ അടുത്ത സൈനിക ഏകോപനം, സംയുക്ത പരിശീലനങ്ങൾ, പ്രതിരോധ സാങ്കേതികവിദ്യ, സൈനിക വ്യവസായങ്ങൾ എന്നിവയിലെ സഹകരണവും കരാർ ലക്ഷ്യമിടുന്നു. സൗദിയും തുർക്കിയും പാകിസ്ഥാനും ചേർന്ന് ഈ കരാറിൽ ഒപ്പുവെച്ചതിൽ താൻ വളരെ സന്തോഷവാനാണെന്ന് ട്രംപ് അദ്ദേഹത്തിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മിഡിൽ ഈസ്റ്റ് ഒന്നിച്ചു വരുന്നതിന്റെ തെളിവാണിതെന്നും കൂടുതൽ അർത്ഥവത്തായ രീതിയിൽ സ്വന്തമായി പ്രതിരോധം തീർക്കാൻ രാജ്യങ്ങൾക്ക് സാധിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം ഈ കരാറിനെ 'വലുതും ധീരവും സുപ്രധാനവുമായ ആദ്യ ചുവടുവയ്പ്പ്' എന്നാണ് വിശേഷിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam