
ദില്ലി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 290 ആയി ഉയർന്നു. ബീഹാറിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തി. 288 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കേരളത്തിൽ നിന്നുള്ള 33 പേരും ഇതിലുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ടിബറ്റ് മേഖലയിലും ഇരുന്നൂറിലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ ദുരന്തമുണ്ടായ മേഖലകൾ സന്ദർശിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്ഥിതി വിലയിരുത്തി.
നേപ്പാളിൽ ഇന്നലെ രാവിലെ ഉണ്ടായ മിന്നൽ പ്രളയം ടിബറ്റുമായി ചേർന്നു കിടക്കുന്ന മൂന്ന് ജില്ലകളിൽ വൻ നാശനഷ്ടത്തിനാണ് ഇടയാക്കിയത്. നിരവധി പാലങ്ങൾ ഒലിച്ചു പോയിരുന്നു. 40 കിലോമീറ്ററിലധികം ദൂരത്ത് റോഡുകൾ തകർന്നു. നിരവധി കെട്ടിടങ്ങളും തകർന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിസിർ ഖനാൽ അറിയിച്ചു. പല മേഖലയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തുന്നത് തുടരുകയാണ്. പ്രളയത്തിൽ ഒലിച്ചു പോയ ചിലരുടെ മൃതദേഹം ബീഹാറിലെ മഹാരാജ്ഗഞ്ചിൽ ഗണ്ഡക് നദിയിൽ കണ്ടെത്തി. പരിക്കേറ്റ നൂറിലധികം പേരെ ആശുപത്രികളിലേക്ക് മാറ്റി. വാർത്താവിനിമയ സംവിധാനങ്ങളും വൈദ്യുതിയും നിലച്ചതുകൊണ്ട് ദുരന്തമുണ്ടായ ജില്ലകളിലുള്ള പലരെയും ബന്ധപ്പെടാൻ കഴിയുന്നില്ല. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പ്രധാനമായും ഇപ്പോൾ നടക്കുന്നത്. വിദേശകാര്യ മന്ത്രാലയം നൽകുന്ന കണക്കുപ്രകാരം 288 ഇന്ത്യക്കാരെക്കുറിച്ച് തൽക്കാലം വിവരമില്ല. ഇവർ ദുരന്തത്തിൽ പെട്ടു എന്ന് കരുതുന്നില്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ടാണ് പലരെക്കുറിച്ചും വിവരം കിട്ടാത്തത്. നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്തിരുന്ന 73 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല. ഇവരുടെ പ്രോജക്ട് മേധാവിയുമായി സമ്പർക്കത്തിലാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ പദ്ധതിക്കായി നിർമ്മാണത്തിലിരിക്കുന്ന ഡാമും ദുരന്തത്തിൽ തകർന്നു.
തമിഴ്നാട്ടിൽ നിന്നു പോയ 86 പേരുള്ള രണ്ട് ഗ്രൂപ്പുകളെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. പശ്ചിമ ബംഗാളിൽ നിന്നുള്ള 32 കൈലാസ് മാനസരോവർ തീർത്ഥാടകരും ഈ മേഖലയിലേക്ക് പോയിരുന്നു എന്നാണ് വിവരം. നേപ്പാൾ സർക്കാർ ഇക്കാര്യത്തിൽ നൽകിയ സൂചനകൾ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. നേപ്പാളിലെയും ചൈനയിലെയും ഇന്ത്യൻ അംബാസഡർമാർ യോഗത്തിൽ പങ്കെടുത്തു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിന് സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. വിദേശകാര്യ മന്ത്രാലയത്തിൽ പ്രത്യേക കൺട്രോൾ റൂം തുറന്ന് 24 മണിക്കൂറും ഇക്കാര്യം നിരീക്ഷിക്കും. തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ ഇതിനകം കണ്ടെത്താൻ കഴിഞ്ഞു എന്നാണ് വിദേശകാര്യ വക്താവ് അറിയിച്ചത്. ഇവരുടെ പേരുവിവരം മന്ത്രാലയം പുറത്തുവിട്ടു.
നേപ്പാളിന് പുറമേ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും 200 ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ആകെ 582 പേരെ കാണാതായി എന്ന വിവരമാണ് ചൈനീസ് സർക്കാർ നൽകുന്നത്. പല രാജ്യങ്ങളിൽ നിന്നെത്തിയ കൈലാസ് മാനസരോവർ തീർത്ഥാടകർ ഇതിൽ ഉൾപ്പെടുന്നു. ഇഷ ഫൗണ്ടേഷൻ വഴി പോയ 80 പേരെക്കുറിച്ച് ഇനിയും വിവരം കിട്ടിയിട്ടില്ല. ഇവർ ഇമിഗ്രേഷൻ ഓഫീസിൽ നിൽക്കുമ്പോഴാണ് പ്രളയജലം പാഞ്ഞെത്തിയത്. വിദേശ പൗരൻമാരാണെങ്കിലും ഇവരിൽ നിരവധി പേർ ഇന്ത്യൻ വശജരാണെന്നാണ് സൂചന. ഇവരെക്കുറിച്ച് അന്വേഷിക്കാൻ തന്നെ ഈ മേഖലയിലേക്ക് പോകാൻ അനുവദിക്കണമെന്ന് ജഗ്ഗി വാസുദേവ് ആവശ്യപ്പെട്ടു.
ടിബറ്റൻ മേഖലയിൽ മൂന്ന് മരണമാണ് ഇതിനകം സ്ഥിരീകരിച്ചത്. നേപ്പാളിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ആൾക്കാരെ ഒഴിപ്പിക്കുന്നത് ഇപ്പോൾ ദുഷ്കരമാണെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മിന്നൽ പ്രളയത്തിന് ഭൂകമ്പമാണ് കാരണമായതെന്ന് ഇന്നലെ നേപ്പാൾ സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ടിബറ്റൻ മേഖലയിൽ മഞ്ഞും പാറയും ഇടിഞ്ഞ് ഉണ്ടായ പ്രകമ്പനമാണ് മിന്നൽ പ്രളയത്തിലേക്ക് നയിച്ചത് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ടിബറ്റൻ മേഖലയിലെ തന്നെ മറ്റൊരു ഹിമ തടാകം മുറിയാനും സാധ്യതയുണ്ടെന്നും അടുത്ത മൂന്നു ദിവസം ജാഗ്രത പാലിക്കണമെന്നും ചൈന നേപ്പാളിന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അതിനിടെ, നേപ്പാൾ ദുരന്തത്തിൻ്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു. റിസോഴ്സ് സാറ്റ് 2 എ ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങളടക്കമാണ് പുറത്ത് വിട്ടത്. ഐഎസ്ആഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍ററാണ് ദൃശ്യം പുറത്തുവിട്ടത്. ദുരന്ത കാരണം ഗ്ലേഷ്യർ പൊട്ടി അടർന്ന് വീണതാണ്. ത്രിശൂൽ നദീ സംവിധാനത്തിൽ ഗ്ലേഷ്യറിൻ്റെ മൂന്നിൽ രണ്ട് ഭാഗം പൊട്ടിയടർന്നെത്തിയെന്നും ദൃശ്യങ്ങളിൽ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam