നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി; നിലപാടുകളില്‍ നെതന്യാഹുവിന്റെ നേര്‍വിപരീതം

Published : Jun 29, 2026, 05:16 PM IST
Gadi Eisenkot and Benjamin Netanyahu

Synopsis

നെതന്യാഹുവിന്റെ വിപരീത നിലപാടുകള്‍ സ്വീകരിച്ചാണ് ഗാഡി ഐസന്‍കോട്ട് കളം പിടിക്കുന്നത്. നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ലിക്വിഡ് പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തിയാണ് ഐസന്‍കോട്ടിന്റെ പാര്‍ട്ടിയായ യാഷര്‍ ജനപ്രീതി നേടുന്നത്.

ടെല്‍ അവീവ്: ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പിനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ട്. ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേര്‍വിപരീത നിലപാടുകള്‍ സ്വീകരിച്ചാണ് ഗാഡി ഐസന്‍കോട്ട് കളം പിടിക്കുന്നത്.

നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ലിക്വിഡ് പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തിയാണ് ഐസന്‍കോട്ടിന്റെ പുതിയ പാര്‍ട്ടിയായ യാഷര്‍ ജനപ്രീതി നേടുന്നത്. മുന്‍ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റ്, യെയര്‍ ലാപിഡ് എന്നിവരാണ് നിലവില്‍ നെതന്യാഹുവിന്റെ ബദ്ധശത്രുക്കള്‍. അവരേക്കാള്‍ തന്ത്രപരമായാണ് ഐസന്‍കോട്ട് നെതന്യാഹുവിനെ നേരിടുന്നത്.

പുറത്തുവന്ന പുതിയ ചാനല്‍ 13 സര്‍വേ പ്രകാരം, പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെതന്യാഹുവിനേക്കാള്‍ (39%) യോഗ്യന്‍ ഐസന്‍കോട്ടാണെന്ന് (43%) ജനങ്ങള്‍ കരുതുന്നു. 120 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ലിക്വിഡ് പാര്‍ട്ടിക്ക് 23 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍, ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടിക്ക് 20 മുതല്‍ 22 വരെ സീറ്റുകളാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. നാല് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിനെ ഭരണത്തില്‍ നിന്നും താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കുമെങ്കിലും, സഖ്യകക്ഷി സമവാക്യങ്ങള്‍ രൂപീകരിക്കുക എന്നത് ഐസന്‍കോട്ടിനും പ്രതിപക്ഷത്തിനും കനത്ത വെല്ലുവിളിയായിരിക്കും.

ഐസന്‍കോട്ടിന്റെ വളര്‍ച്ച വലിയ ഭീഷണിയായാണ് നെതന്യാഹുവിന്റെ പാര്‍ട്ടി കാണുന്നത്. ഐസന്‍കോട്ടും പ്രമുഖ അറബ് പാര്‍ലമെന്റ് അംഗം അഹമ്മദ് തിബിയെയും ഒരുമിച്ച് നില്‍ക്കുന്ന എഐ വീഡിയോ പുറത്തിറക്കി അറബ് വിരുദ്ധ വികാരം ഇളക്കിവിടാനുള്ള ശ്രമത്തിലാണ് നെതന്യാഹുവിന്റെ പാര്‍ട്ടി. ഇതിനായി അവര്‍ ഈ എ ഐ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഔദ്യോഗികമായി ഷെയര്‍ ചെയ്തിരുന്നേു. 'അറബികളില്ലാതെ ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരിക്കാനാകില്ല' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഐസന്‍കോട്ടിന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെ പരിഹസിക്കുന്ന വീഡിയോകളും നെതന്യാഹു അനുകൂലികള്‍ പ്രചരിപ്പിക്കുന്നുണ്ട്.

വ്യക്തിത്വത്തിലും പശ്ചാത്തലത്തിലുമുള്ള വലിയ വ്യത്യാസങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് 66-കാരനായ ഐസന്‍കോട്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രസംഗങ്ങളിലും രാഷ്ട്രീയക്കളികളിലും വിരുതനായ നെതന്യാഹുവില്‍ നിന്നും ഏറെ വ്യത്യസ്തനാണ് ഐസന്‍കോട്ട്. ശാന്തമായ പ്രചാരണങ്ങള്‍, മിതവാദ നിലപാടുകള്‍ എന്നിവയാണ് അദ്ദേഹം കരുത്താക്കുന്നത്. നെതന്യാഹുവിന്റെ രീതികളിലൂടെ മുന്നോട്ടുപോവുന്നതിനു പകരം, നേര്‍വിപരീതമായി നിന്ന് നേരിടുന്നു എന്നതാണ് ഐസന്‍കോട്ടിനെ വ്യത്യസ്തനാക്കുന്നത്.

നെതന്യാഹു ഇസ്രായേലിലെ ഉന്നത കുലജാതനാണ്. എന്നാല്‍, ഐസന്‍കോട്ട് ആവട്ടെ, മൊറോക്കോയില്‍ നിന്നുള്ള കുടിയേറ്റ കുടുംബത്തിലാണ് പിറന്നത്. ഇസ്രായേലിന്റെ അധികാര കേന്ദ്രങ്ങള്‍ക്ക് പുറത്തുള്ള തിബരിയാസിലും എയ്‌ലാത്തിലുമായിരുന്നു അദ്ദേഹത്തിന്റെ യൗവനം. തിരഞ്ഞെടുപ്പില്‍ ഐസന്‍കോട്ട് ജയിച്ചാല്‍ ഇസ്രായേല്‍ ചരിത്രത്തിലെ ആദ്യത്തെ പശ്ചിമേഷ്യ-ഉത്തര ആഫ്രിക്കന്‍ പശ്ചാത്തലമുള്ള ജൂതവിഭാഗക്കാരനായ പ്രധാനമന്ത്രിയാകും അദ്ദേഹം. ലിക്വിഡ് പാര്‍ട്ടിയുടെ പ്രധാന വോട്ടര്‍മാരായ ഈ വിഭാഗക്കാര്‍ക്കിടയില്‍ ഐസന്‍കോട്ടിന് വലിയ സ്വാധീനമുണ്ട്.

ഇസ്രായേല്‍ സൈന്യത്തിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ഐസന്‍കോട്ട്. ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം രൂപവല്‍കരിച്ച നെതന്യാഹുവിന്റെ അടിയന്തര യുദ്ധ കാബിനറ്റില്‍ അംഗമായിരുന്നു അദ്ദേഹം. എന്നാല്‍ നെതന്യാഹു സര്‍ക്കാറിന് വ്യക്തമായ തന്ത്രങ്ങളില്ല, ബന്ദികളെ മോചിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് 2024 ജൂണില്‍ അദ്ദേഹം യുദ്ധ കാബിനറ്റില്‍ നിന്നും രാജിവെച്ചു.

ഈ യുദ്ധത്തില്‍ ഐസന്‍കോട്ടിന് വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. ഗാസ യുദ്ധത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും ഇളയ മകന്‍ കൊല്ലപ്പെട്ടു. രണ്ട് അനന്തരവന്‍മാരും സമാനമായ വിധത്തില്‍ കൊല്ലപ്പെട്ടു. മകന്റെ മരണമാണ് ഇസ്രായേല്‍ ജനതയെ വൈകാരികമായി ഐസന്‍കോട്ടുമായി അടുപ്പിച്ചതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നെതന്യാഹുവിന്റെ മകന്‍ യാസിര്‍ യുദ്ധകാലത്ത് ഭൂരിഭാഗം സമയവും മയാമിയില്‍ സുഖവാസത്തിലായിരുന്നു എന്ന കാര്യം ഇസ്രായേലില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ഇന്ത്യ പങ്കെടുക്കും, ബിഹാര്‍ ഗവര്‍ണറും വിദേശകാര്യ സഹമന്ത്രിയും പ്രതിനിധീകരിക്കും
പീഡിപ്പിച്ചശേഷം കൊല, പട്ടായയില്‍ 17-കാരിയുടെ മൃതദേഹം ട്രാവല്‍ ബാഗിലാക്കി ഉപേക്ഷിച്ചു; വിദേശ പൗരന്‍ അറസ്റ്റില്‍