
ഇസ്ലാമാബാദ്: വ്യാജബാങ്ക് അക്കൗണ്ട് കേസിൽ പാകിസ്ഥാനിലെ അഴിമതി വിരുദ്ധ ഏജൻസി മുൻ പ്രസിഡന്‍റും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) കോ ചെയർമാനുമായ ആസിഫലി സർദാരിയെ അറസ്റ്റ് ചെയ്തു. ആസിഫലിക്കൊപ്പം സഹോദരി ഫരിയാൽ താൽപൂരിനെയും ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തേ ഇസ്ലാമാബാദ് ഹൈക്കോടതി സർദാരിയും സഹോദരിയും ഇടക്കാലജാമ്യം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഇസ്ലാമാബാദിലെ 'സർദാരി ഹൗസ്' എന്ന വസതിയിലെത്തി സർദാരിയെ ഏജൻസി കസ്റ്റഡിയിലെടുത്തത്. ജസ്റ്റിസ് ആമിർ ഫറൂഖ്, മൊഹ്‍സിൻ അഖ്‍തർ എന്നിവരടങ്ങിയ ബഞ്ചാണ് സർദാരിയുടെ അപേക്ഷ തള്ളിയത്.
അറസ്റ്റിനെതിരെ സർദാരിയും കുടുംബവും ഉടൻ പാക് സുപ്രീംകോടതിയെ സമീപിച്ചേക്കും. ആസിഫലി സർദാരിയുടെയും സഹോദരിയുടെയും പേരിലുള്ള കമ്പനികളിലേക്ക് വിദേശത്തു നിന്ന് വ്യാജഅക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് മില്യൺ ഡോളർ എത്തിയ കേസിലാണ് സർദാരിയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്.
കനത്ത സുരക്ഷാ വലയത്തിലാണ് സർദാരിയെയും സഹോദരിയെയും നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ പാക് പീപ്പിൾസ് പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ സ്ഥാനമേറ്റതിന് പിന്നാലെയാണ് സർദാരിക്കും സഹോദരിക്കുമെതിരായ കേസിൽ അന്വേഷണം ഊർജിതമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam