വൈദികരുടെ ലൈംഗികാതിക്രമം; അന്വേഷണത്തിന് തെറ്റായ വിവരങ്ങൾ നൽകിയെന്ന കുറ്റസമ്മതവുമായി മുൻ മാര്‍പ്പാപ്പ

Published : Jan 26, 2022, 07:34 PM ISTUpdated : Jan 26, 2022, 10:40 PM IST
വൈദികരുടെ ലൈംഗികാതിക്രമം; അന്വേഷണത്തിന് തെറ്റായ വിവരങ്ങൾ നൽകിയെന്ന കുറ്റസമ്മതവുമായി മുൻ മാര്‍പ്പാപ്പ

Synopsis

കുട്ടികളെ പീഡിപ്പിച്ച വൈദികനെ സംബന്ധിച്ച 1980ല്‍ നടന്ന ചര്‍ച്ചയില്‍ സംബന്ധിച്ചതായും ബെനഡിക്ട് പതിനാറാമൻ വ്യക്തമാക്കി. മ്യൂണിക്കിലെ ആർച്ച് ബിഷപ്പായിരിക്കെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച നാല് വൈദികർക്കെതിരെ നടപടിയെടുക്കുന്നതിൽ ബെനഡിക്റ്റ് 16ാമന്‍ പരാജയപ്പെട്ടുവെന്ന അന്വേഷണ റിപ്പോര്‍ട്ട വന്നതിന് പിന്നാലെയാണ് മുന്‍ മാര്‍പ്പാപ്പായുടെ കുറ്റസമ്മതമെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

വൈദികരുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള (Clerical Sexual Abuse) അന്വേഷണത്തിന് തെറ്റായ വിവരങ്ങൾ നൽകിയെന്ന കുറ്റസമ്മതവുമായി മുൻ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമൻ (Former pope Benedict XVI). കുട്ടികളെ പീഡിപ്പിച്ച വൈദികനെ സംബന്ധിച്ച 1980ല്‍ നടന്ന ചര്‍ച്ചയില്‍ സംബന്ധിച്ചതായും ബെനഡിക്ട് പതിനാറാമൻ വ്യക്തമാക്കി. ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ലെന്നായിരുന്നു നേരത്തെ ഇത് സംബന്ധിച്ച് മുന്‍ മാര്‍പ്പാപ്പ പറഞ്ഞത്. ജര്‍മ്മനിയില്‍ നിന്നുള്ള അന്വേഷകര്‍ക്ക് ഇത് സംബന്ധിച്ച് നല്‍കിയ പ്രസ്താവന എഡിറ്റോറിയല്‍ പിശകായിരുന്നുവെന്നുമാണ് തിങ്കളാഴ്ച  ബെനഡിക്ട് പതിനാറാമൻ വിശദമാക്കിയത്.

1977 നും 1982 നും ഇടയിൽ മ്യൂണിക്കിലെ ആർച്ച് ബിഷപ്പായിരിക്കെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച നാല് വൈദികർക്കെതിരെ നടപടിയെടുക്കുന്നതിൽ ബെനഡിക്റ്റ് 16ാമന്‍ പരാജയപ്പെട്ടുവെന്ന അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് മുന്‍ മാര്‍പ്പാപ്പായുടെ കുറ്റസമ്മതമെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ദിനാള്‍ പദവിയിലായിരുന്നു അന്ന് ബെനഡിക്റ്റ് 16ാമന്‍  ഉണ്ടായിരുന്നത്. മുന്‍ മാര്‍പ്പാപ്പ തനിക്ക് സംഭവിച്ച തെറ്റില്‍ ക്ഷമാപണം നടത്തുന്നതായും അങ്ങനെ സംഭവിച്ചത് മനപ്പൂര്‍വ്വമായിരുന്നില്ലെന്നും ബെനഡിക്ട് 16ാമന്‍റെ പേഴ്സണല്‍ സെക്രട്ടറിയായ ജോർജ്ജ് ഗാൻസ്‌വീൻ വിശദമാക്കി. എഡിറ്റോറിയല്‍ തയ്യാറാക്കുന്ന സമയത്തെ മേല്‍നോട്ട പിശകാണ് അത്തരമൊരു തെറ്റ് സംഭവിക്കാന്‍ കാരണമായതെന്നും ജോർജ്ജ് ഗാൻസ്‌വീൻ കൂട്ടിച്ചേര്‍ക്കുന്നു.

1945നും 2019നും ഇടയില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടത് സംബന്ധിച്ച് അന്വേഷണത്തിന് ആൻഡ് ഫ്രെയ്‌സിംഗ്  അതിരൂപതയാണ് നിയമ സ്ഥാപനമായ വെസ്റ്റ്ഫാൾ സ്പിൽക്കർ വാസ്റ്റലിനെ നിയോഗിച്ചത്. 1980ലെ ചര്‍ച്ചയില്‍ ആരോപണ വിധേയരായ വൈദികരെ അജപാലന ദൌത്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് സംബന്ധിയായ ഒരു തീരുമാനവും ചര്‍ച്ചയില്‍ ഉണ്ടായില്ലെന്നും വെസ്റ്റ്ഫാൾ സ്പിൽക്കർ വാസ്റ്റലിന്‍റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയെന്ന് ആരോപണം നേരിട്ടിരുന്ന വൈദികനായ പീറ്റര്‍ ഹുള്ളര്‍മാനെ മ്യൂണിക്കില്‍ നിന്നും എസനിലേക്ക് സ്ഥലം മാറ്റാനായിരുന്നു മുന്‍ മാര്‍പ്പാപ്പാ കൂടി ഭാഗമായ ചര്‍ച്ചയില്‍ തീരുമാനമായത്. ഇവിടെ എത്തിയ വൈദികന്‍ 11 വയസുള്ള ബാലനെ പീഡിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

തുടര്‍ച്ചയായി ആരോപണ വിധേയനായിട്ടും ഈ വൈദികനെ രൂപതയില്‍ പ്രവേശിപ്പിക്കാനായിരുന്നു ചര്‍ച്ചയിലെ തീരുമാനം. 1986-ൽ പീഡോഫീലിയയ്ക്കും അശ്ലീലസാഹിത്യം വിതരണം ചെയ്തതിനും ശിക്ഷിക്കപ്പെട്ട ശേഷവും ഇതേ വൈദികനെ അജപാലനെ ദൌത്യത്തിന് നിയമിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. അന്ന് കര്‍ദിനാളായിരുന്ന ബെനഡിക്ട് 16ാമന്‍ സഭയുടെ പേരില്‍ ആരോപണ വിധേയര്‍ക്കെ എതിരെ നടപടി സ്വീകരിച്ചില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതില്‍ മുന്‍ മാര്‍പ്പാപ്പ പരാജയപ്പെട്ടുവെന്ന് രൂക്ഷമായ ആരോപണം ഉയരുന്നതിനിടെയാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത്. 2005 മുതല്‍ 2013 വരെയായിരുന്നു  ബെനഡിക്ട് പതിനാറാമൻ മാര്‍പാപ്പയായിരുന്നത്. 2013ല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞു.  കത്തോലിക്കാ സഭയുടെ 600 വര്‍ഷത്തെ ചരിത്രത്തില്‍ മാര്‍പാപ്പ സ്ഥാനത്ത് നിന്നും സ്വയം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാര്‍പാപ്പ കൂടിയായിരുന്നു ബെനഡിക്ട് 16ാമന്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിര്‍ണായക സമയത്ത് ട്രംപിന് മോദിയുടെ ഫോൺ കോൾ, ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലേക്കോ? ഊഷ്മളമായ സംഭാഷണം നടന്നെന്ന് പ്രധാനമന്ത്രി
അമേരിക്കക്ക് പിന്നാലെ ഇന്ത്യക്ക് ഇരുട്ടടി നൽകി മറ്റൊരു രാജ്യം, 50 ശതമാനം നികുതി ചുമത്തി, ചൈനയും പാടുപെടും