
യൂറോപ്പ്: കൊവിഡിന്റെ (Covid) പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ പകരുന്നതായി ഗവേഷകർ. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ് എന്നെന്നും ഗവേഷകർ പറയുന്നു. അതേസമയം, യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ (Omicron) തരംഗത്തോടെ കൊവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്റ്റർ അറിയിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകും. എല്ലാവരും വാക്സീൻ എടുത്തവരോ രോഗം വന്നു പോയവരോ ആകുന്നതോടെ വ്യാപനം ഇല്ലാതാകുമെന്ന് ഡബ്ല്യൂഎച്ച്ഒയുടെ യൂറോപ്യൻ ഡയറക്റ്റർ ഹാൻസ് ക്ളോഗ് പറഞ്ഞു.
ഇന്ത്യയില്‍ ഇപ്പോൾ നടക്കുന്നത് ഒമിക്രോണിന്‍റെ സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. ഒമിക്രോൺ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ കണ്ടെത്തൽ. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കൂടി. ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി വിലയിരുത്തുന്നത്. ജെനോം സീക്വൻസിങ് കൺസോർശ്യത്തിന്റെ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പ്രധാന നഗരങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുകയാണ്. ദില്ലിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുംബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. കർണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗവ്യാപന തോത് കാണിക്കുന്ന ആർ നോട്ട് ജനുവരി ആദ്യ ആഴ്ച്ചയേക്കാൾ കുറഞ്ഞതായി മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ കണ്ടെത്തി. മദ്രാസ് ഐഐടിയുടെ പഠന പ്രകാരം 2.2 ആയിരുന്ന ആർ നോട്ട് 1.57 ആയാണ് കുറഞ്ഞത്. ഈ നിരക്ക് ഒന്നിന് താഴെ എത്തിയാൽ വ്യാപനം കുറഞ്ഞെന്ന് കണക്കാക്കും.
Also Read: ഒമിക്രോൺ വന്നുപോയവർക്ക് വീണ്ടും ബാധിക്കാം; മാസ്ക് ഉപയോഗത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് മുന്നറിയിപ്പ്
ദില്ലിയിൽ 0.98, മുംബൈയിൽ 0.67, ചെന്നൈയിൽ 1.2, കൊൽക്കത്തിയിൽ 0.56 എന്നിങ്ങനെയാണ് ആർ വാല്യു. വരുന്ന രണ്ടാഴ്ചയ്ക്കകം കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. അതിനുശേഷം വ്യാപനം കുറഞ്ഞേക്കുമെന്നും റിപ്പോർട്ട് പറയുന്നു. കൊവിഡ് വ്യാപനത്തിൽ കാര്യമായ കുറവില്ലെങ്കിലും മഹാരാഷ്ട്രയിൽ സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് തുടങ്ങി. മുംബൈയടക്കം ജില്ലകളിൽ ഒന്ന് മുതൽ 12ആം തരം വരെ കുട്ടികൾ സ്കൂളിലേക്കെത്തി. എന്നാൽ രോഗവ്യാപനം കൂടിയ പൂനെ ഔറംഗാബാദ് തുടങ്ങിയ ജില്ലകളിൽ സ്കൂളുകൾ അടഞ്ഞ് തന്നെ കിടന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam