ക്രോസ് കണ്‍ട്രി ട്രാക്കില്‍ വിഷബോളുകള്‍; മത്സരാര്‍ത്ഥികളായ 4 നായകള്‍ ചത്തു, അന്വേഷണം

By Web TeamFirst Published Mar 19, 2023, 8:22 PM IST
Highlights

വിശദമായ ട്രാക്ക് പരിശോധനയിലാണ് വിഷ ബോളുകള്‍ കണ്ടെത്തിയത്. പലയിടത്തായി വിതറിയ നിലയിലായിരുന്നു ഇവയുണ്ടായിരുന്നത്. ഗ്ലൌസ് ഉപയോഗിച്ചാണ് വിഷ ബോളുകള്‍ വിതറയിരിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

പാരിസ്: നായകള്‍ക്കായുള്ള ക്രോസ് കണ്‍ട്രി മല്‍സരത്തിനിടെ വിഷം അകത്ത് ചെന്ന് നാല് നായകള്‍ ചത്തു. ദക്ഷിണ ഫ്രാന്‍സിലാണ് സംഭവം. ട്രാക്കില്‍ വിതറിയ വിഷം പുരട്ടിയ ഇറച്ചി ബോളുകള്‍ കഴിച്ച നായകളാണ് ചത്തത്. വിഷത്തില്‍ പൊതിഞ്ഞ ഇറച്ചി ബോളുകള്‍ അജ്ഞാതര്‍ ട്രാക്കില്‍ ഇട്ടതാണെന്ന സംശയത്തേ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഫ്രാന്‍സിലെ വാവുവേര്‍ട്ടില്‍ ഞായറാഴ്ചയാണ് മത്സരം നടന്നത്. നായകളും അവരുടെ ഉടമകളും ഒരുമിച്ച് ക്രോസ് കണ്‍ട്രി മത്സരത്തില്‍ പങ്കെടുക്കുന്നതാണ് മത്സരം.

ട്രാക്കിന്‍റെ ഭാഗത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച ശേഷമാണ് മത്സരം നടത്താറ്. എന്നിട്ടും ട്രാക്കില്‍ വിഷ ബോളുകള്‍ വന്നത് എങ്ങനെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. മത്സരത്തില്‍ പങ്കെടുത്ത് അവശ നിലയിലായ നായകളിലൊന്ന് ചൊവ്വാഴ്ചയാണ് ചത്തത്. ഇതിന് പിന്നാലെ മൂന്ന് നായകളെ കൂടി ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ട്രാക്കിലുണ്ടായിരുന്ന എന്തോ വസ്തു കഴിച്ച നായകള്‍ തളര്‍ന്നു വീഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതരെത്തി ട്രാക്ക് വിശദമായി പരിശോധിച്ചത്.

വിശദമായ ട്രാക്ക് പരിശോധനയിലാണ് വിഷ ബോളുകള്‍ കണ്ടെത്തിയത്. പലയിടത്തായി വിതറിയ നിലയിലായിരുന്നു ഇവയുണ്ടായിരുന്നത്. ഗ്ലൌസ് ഉപയോഗിച്ചാണ് വിഷ ബോളുകള്‍ വിതറയിരിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ട്രാക്കില്‍ വിഷം കണ്ടെത്തിയതിന് പിന്നാലെ മത്സരം റദ്ദാക്കിയതായി അധികൃതര്‍ വിശദമാക്കി. ലഭ്യമായ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമിയെക്കുറിച്ചുള്ള സൂചനകള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്. ഒക്ടോബറില്‍ ജര്‍മ്മനിയില്‍ വച്ച് നടക്കുന്ന ലോച ചാമ്പ്യന്‍ ഷിപ്പിന്റെ യോഗ്യതാ റൌണ്ട് മത്സരമായിരുന്നു ഫ്രാന്‍സില്‍ നടന്നത്.  

click me!