വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ നാല് സിംഹങ്ങൾക്ക് കൊവിഡ്

By Web TeamFirst Published Dec 9, 2020, 11:51 AM IST
Highlights

മനുഷ്യരില്‍ നടത്തുന്ന അതേ രീതിയിലുള്ള പിസിആര്‍ പരിശോധനയിലാണ് സിംഹങ്ങളിലും രോഗം കണ്ടെത്തിയത്. ചുമയും തുമ്മലും ശ്വസന തകരാര്‍ അടക്കമുള്ള ബുദ്ധിമുട്ടുകളാണ് സിംഹങ്ങള്‍ക്ക് നേരിട്ടത്.

ബാര്‍സലോണ: സ്പെയിനിലെ ബാര്‍സലോണ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ നാല് സിംഹങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പെണ്‍സിംഹങ്ങള്‍ക്കും ഒരു ആണ്‍ സിംഹത്തിനുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. സാല, നിമ, റണ്‍ റണ്‍, കിയൂമ്പേ എന്നീ സിംഹങ്ങള്‍ അസ്വസ്ഥതകള്‍ പ്രകടമാക്കിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മൃഗശാലയിലെ രണ്ട് ജീവനക്കാര്‍ക്ക് അടുത്തിടെയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. എന്നാല്‍ മൃഗങ്ങള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ വിദഗ്ധരടക്കമുള്ള പ്രത്യേക സംഘത്തെ നിയമിച്ചിരിക്കുകയാണ് മൃഗശാല അധികൃതര്‍. മനുഷ്യരില്‍ നടത്തുന്ന അതേ രീതിയിലുള്ള പിസിആര്‍ പരിശോധനയിലാണ് സിംഹങ്ങളിലും രോഗം കണ്ടെത്തിയത്. ചുമയും തുമ്മലും ശ്വസന തകരാര്‍ അടക്കമുള്ള ബുദ്ധിമുട്ടുകളാണ് സിംഹങ്ങള്‍ക്ക് നേരിട്ടത്. അണുബാധ തടയുന്നതിനുളള മരുന്നുകള്‍ നല്‍കാന്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ആശുപത്രി സാഹചര്യത്തില്‍ തന്നെയാണ് ചികിത്സ പുരോഗമിക്കുന്നത്. ഇത്ര വ്യാപകമായ രീതിയില്‍ മൃഗശാലയിലെ ജീവികളില്‍ കൊറോണ വൈറസ് കാണുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. നേരത്തെ അമേരിക്കയിലെ ബ്രോണ്‍ക്സ് മൃഗശാലയില്‍  നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവയിലെ നാദിയ എന്ന കടുവയ്ക്കാണ് അമേരിക്കയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മൃഗമായി വിലയിരുത്തുന്നത്. ഇവയെല്ലാം തന്നെ പിന്നീട് രോഗമുക്തി നേടിയിരുന്നു. കൊവിഡ് ബാധിച്ച മൃഗങ്ങളെ മറ്റു മൃഗങ്ങളുടെ കൂട്ടത്തിൽ നിന്നും മാറ്റി പാർപ്പിക്കുകയാണ്. മൃഗശാല പതിവുപോലെ സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്

click me!