
ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ അടുത്ത ബന്ധു ഉള്‍പ്പെടെ നാല് പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി കോടതി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. മുന്‍പ് അനുവദിച്ച അഞ്ച് ദിവസത്തെ റിമാന്‍ഡ് അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളെ ബുധനാഴ്ച കന്റോണ്‍മെന്റ് കോടതി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് റിമാന്‍ഡ് ജൂലൈ 13 വരെ നീട്ടിയത്.
നെതര്‍ലാന്‍ഡ്സ്, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് സ്ത്രീകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ലാഹോറിലെ ഡിഫന്‍സ് ഹൗസിംഗ് അതോറിറ്റി മേഖലയിലായിരുന്നു അതിക്രമം. ഉപപ്രധാനമന്ത്രിയുടെ അടുത്ത ബന്ധു മുഹമ്മദ് റാസ ദാര്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ഡിഎന്‍എ, വിരലടയാള പരിശോധനകള്‍ പൂര്‍ത്തിയായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം, ലാപ്‌ടോപ്പ്, പണം, ആയുധങ്ങള്‍ എന്നിവ ഇനിയും കണ്ടെടുക്കേണ്ടതുണ്ടെന്നും കസ്റ്റഡി നീട്ടണമെന്നുമുള്ള പോലീസ് ആവശ്യം മജിസ്ട്രേറ്റ് അംഗീകരിക്കുകയായിരുന്നു.
അതേസമയം, പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. പോലീസിന്റെ തന്നെ പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം ഇത് തട്ടിക്കൊണ്ടുപോകലോ പീഡനമോ അല്ലെന്നും, മറിച്ച് കോടിക്കണക്കിന് രൂപയുടെ ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രിപ്റ്റോകറന്‍സി തര്‍ക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികളില്‍ ഒരാള്‍ സാധാരണ സെക്യൂരിറ്റി ഗാര്‍ഡും മറ്റൊരാള്‍ ഇസ്ലാമാബാദിലെ ജീവനക്കാരനുമാണ്. ഇവര്‍ക്ക് ക്രിപ്റ്റോ ഇടപാടുകളുമായി ഒരു ബന്ധവുമില്ല. അതിശക്തമായ മാധ്യമ വിചാരണയാണ് ഇവിടെ നടക്കുന്നത്. പിന്നീട് ഇവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞാല്‍ പോലും മാധ്യമങ്ങള്‍ വരുത്തിവെച്ച മാനഹാനി തിരിച്ചുപിടിക്കാനാകില്ലെന്നും പ്രതിഭാഗം വാദിച്ചു.
സിംഗപ്പൂരില്‍ വെച്ചുണ്ടായ ക്രിപ്റ്റോകറന്‍സി ബിസിനസ്സ് പങ്കാളിത്തത്തിന്റെ പേരിലാണ് പ്രധാന പ്രതി മുഹമ്മദ് റാസ ദാര്‍ ഇവരെ ബിസിനസ് വിസ നല്‍കി പാകിസ്താനിലേക്ക് ക്ഷണിച്ചത്. ജൂണ്‍ 29-ന് ലാഹോറിലെത്തിയ ഇവരെ തടവിലാക്കി 1.5 മില്യണ്‍ ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് ഇരകളുടെ മൊഴി. സ്‌പെയിനില്‍ നിന്നും ഇരകളിലൊരാളുടെ പിതാവ് നല്‍കിയ അടിയന്തര ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലാഹോര്‍ പോലീസ് റെയ്ഡ് നടത്തി ഇവരെ രക്ഷപ്പെടുത്തിയത്.
കേസില്‍ ഉന്നത രാഷ്ട്രീയ ബന്ധമുള്ള രണ്ടുപേരടക്കം ആകെ എട്ട് പ്രതികളെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് പ്രതികളെ തിങ്കളാഴ്ച അഞ്ച് ദിവസത്തെ റിമാന്‍ഡില്‍ വിട്ടിരുന്നു. അതിനിടെ, രണ്ട് വിദേശ വനിതകളും ജൂലൈ 3-ന് തന്നെ യൂറോപ്പിലേക്ക് മടങ്ങിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam