New COVID-19 variant IHU : ഒമിക്രോണിന് പിന്നാലെ കൊവിഡിന്‍റെ പുതിയ വകഭേദം, ആശങ്കയായി ഇഹു

By Web TeamFirst Published Jan 4, 2022, 5:40 PM IST
Highlights

വാക്സിനുകളെ പോലും മറികടക്കുന്ന ലോകത്തെയാകമാനം മുൾമുനയിൽ നിർത്തുന്ന മഹാമാരിയുടെ കൂടുതൽ അപകടകാരിയായ വകഭേദം കണ്ടെത്തിയിരിക്കുകയാണ് ഫ്രാൻസിൽ. 

ദില്ലി: പുതുവർഷത്തിലെങ്കിലും ആശങ്കയൊഴിയുമെന്ന് കരുതിയ കൊവിഡ് (Covid 19) അതിരൂക്ഷമായ തിരിച്ചുവരവ് നടത്തുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. വാക്സിനുകളെ പോലും മറികടക്കുന്ന ലോകത്തെയാകമാനം മുൾമുനയിൽ നിർത്തുന്ന മഹാമാരിയുടെ കൂടുതൽ അപകടകാരിയായ വകഭേദം ( New COVID-19 variant IHU) കണ്ടെത്തിയിരിക്കുകയാണ് ഫ്രാൻസിൽ. 

ഒമിക്രോൺ തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളി ആശങ്ക സൃഷ്ടിക്കുമ്പോൾ,  ഒമിക്രോണിന് പിന്നാലെ മറ്റൊരു വകഭേദം കൂടിയാണ് കണ്ടെത്തിയിരിക്കുന്നത്. ഫ്രാൻസിലെ മാഴ്‌സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരിൽ പുതിയ വകഭേദം കണ്ടെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. പുതിയ വകഭേദത്തിന് വേരിയന്റ് ഐഎച്ച്‌യു (ബി. 1.640.2) അഥവാ ഇഹു എന്നാണ് പേര് നൽകിയിരിക്കുന്നത്.  പുതിയ വകഭേദം ബാധിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വാക്‌സിനുകളെ അതിജീവിക്കാൻ പുതിയ വൈറസിന് ശേഷിയുണ്ടെന്നാണ് കരുതുന്നതെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. 

ഈ വകഭേദത്തിന് ഒമിക്രോണിനേക്കാളും രോഗവ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തൽ. ദക്ഷിണ ഫ്രാൻസിലെ മാഴ്സെയിൽ കണ്ടെത്തിയ ഈ വകഭേദത്തിന് വുഹാനിൽ പടർന്നുപിടിച്ച ആദ്യ കൊവിഡ് വകഭേദത്തിൽ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 'പുതിയ വകഭേദങ്ങൾ ഉയർന്നുവരുന്നു. എന്നാൽ അവ കൂടുതൽ അപകടകരമാകുമെന്ന് അർത്ഥമാക്കുന്നില്ല. ഒരു വേരിയന്റിനെ കൂടുതൽ അറിയപ്പെടുന്നതും അപകടകരവുമാക്കുന്നതും  യഥാർത്ഥ വൈറസിൽ നിന്ന് അതിന്റെ മ്യൂട്ടേഷനുകളുടെ എണ്ണം കാരണം വർദ്ധിപ്പിക്കാനുള്ള കഴിവാണ്...'- എപ്പിഡെമിയോളജിസ്റ്റ് എറിക് ഫീഗൽ-ഡിംഗ് ട്വിറ്ററിൽ കുറിച്ചു. ഒമിക്രോൺ പോലെ ഇത് കൂടുതൽ പകർച്ചവ്യാധിയും മുൻകാല പ്രതിരോധശേഷി ഒഴിവാക്കുന്നതുമാണ്. ഈ പുതിയ വകഭേദദം ഏത് വിഭാഗത്തിൽ പെടുമെന്നതിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

click me!