മുസ്ലിം ലോകം നേരിടുന്ന പ്രധാന തിന്മകള്‍ ലൈംഗിക കുറ്റകൃത്യങ്ങളും അഴിമതിയുമെന്ന് ഇമ്രാന്‍ ഖാന്‍

By Web TeamFirst Published Jan 4, 2022, 1:30 PM IST
Highlights

ലൈംഗിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടിയെന്നും ബലാത്സംഗവും ബാല പീഡനവും അടക്കമുള്ള തിന്മകളില്‍ ഒരു ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ഇമ്രാന്‍ ഖാന്‍

അഴിമതിയ്ക്കും (Corruption) ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുമെതിരെ (Sex Crimes) ശക്തമായി പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ( Imran Khan). വർധിച്ചുവരുന്ന അഴിമതിയും ലൈംഗിക കുറ്റകൃത്യങ്ങളുമാണ്  മുസ്ലിം ലോകം അഭിമുഖീകരിക്കുന്ന പ്രധാന തിന്മകളെന്നാണ് ഇമ്രാന്‍ ഖാന്‍ വിശദമാക്കുന്നത്. ഞായറാഴ്ച റിയാസത് ഐ മദീന സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി. 99 ശതമാനം സമൂഹവും ഇത്തരം തിന്മകളോടാണ് പോരാടേണ്ടി വരുന്നത്.

നിങ്ങളുടെ നേതൃത്വത്തിലുള്ളവര്‍ കാലങ്ങളായി അഴിമതിയില്‍ ഏര്‍പ്പെടുന്നവരാകുമ്പോള്‍ അഴിമതിയെ അവര്‍ സ്വീകാര്യമാക്കുന്നുവെന്നത് നിര്‍ഭാഗ്യകരവുമാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മുസ്ലിം സമുദായത്തിലെ നിരവധി പണ്ഡിതരെ പങ്കെടുപ്പിച്ചായിരുന്നു പ്രഭാഷണ സംവാദ പരിപാടി നടന്നത്. നമ്മുടെ സമൂഹത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടിയെന്നും ബലാത്സംഗവും ബാല പീഡനവും അടക്കമുള്ള തിന്മകളില്‍ ഒരു ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുന്ന 99 ശതമാനം തിന്മയ്ക്കെതിരെയാണ് സമൂഹം പോരാടേണ്ടത്. അഴിമതി സംബന്ധിച്ചും ഇതേ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അഴിമതിയെ ഒരു തരത്തിലും സമൂഹം അംഗീകരിക്കാത്ത തലത്തിലേക്ക് എത്തിക്കണമെന്നും പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പരിഹസിച്ചുകൊണ്ടായിരുന്നു ഇമ്രാന്‍ ഖാന്‍റെ അഴിമതി വിരുദ്ധ പരാമര്‍ശം.

ചികിത്സയ്ക്കായി നാല് ആഴ്ചത്തേക്ക് ലണ്ടനില്‍ പോകാന്‍ അനുമതി ലഭിച്ച 72 കാരനായ നവാസ് ഷെരീഫ് 2019 മുതല്‍ അവിടെ തുടരുകയാണ്. 2018ല്‍ അല്‍ അസീസിയ സ്റ്റീല്‍ മില്‍ കേസില്‍ കോടതി നവാസ് ഷെരീഫിന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനിടെ ജാമ്യത്തിലിറങ്ങിയാണ് നവാസ് ഷെരീഫ് ലണ്ടനിലേക്ക് പോയത്. ഇന്‍റര്‍നെറ്റിലെ അശ്ലീലത്തില്‍ നിന്ന് മുങ്ങിപ്പോവുന്നതില്‍ നിന്ന് മുസ്ലീം യുവാക്കളെ രക്ഷിക്കേണ്ടതിനേക്കുറിച്ചും പാക് പ്രധാനമന്ത്രി സംസാരിച്ചു.

ആധുനികത മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ ചെറുക്കുന്നതിന് മുസ്ലിം രാജ്യങ്ങള്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തണമെന്നാണ് സംവാദത്തില്‍ പങ്കെടുത്ത പണ്ഡിതര്‍ വിശദമാക്കിയത്. പ്രവാചകന്‍റെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനായി എന്‍ആര്‍എഎ എന്ന ഗവേഷണ പ്രസ്ഥാനം ഇമ്രാന്‍ ഖാന്‍ ഒക്ടോബറില്‍  രൂപീകരിച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ മുഖേന യുവാക്കളുടെ വിശ്വാസത്തിലും മതപരവും ധാർമ്മികവുമായ മൂല്യങ്ങളിലുമുള്ള കടന്നുകയറ്റം എങ്ങനെ തടയാം എന്നതിനേക്കുറിച്ച് ഈ പരിപാടിയില്‍ പണ്ഡിതര്‍ സംസാരിച്ചിരുന്നു. 

click me!