ചരിത്രസ്മാരകങ്ങൾക്ക് തീയിട്ടു, കടകളിൽ കൂട്ടക്കൊള്ള; ഫ്രാൻസ് കത്തുന്നു; ആയിരത്തിലധികം പേർ അറസ്റ്റിൽ

Published : Oct 18, 2026, 09:49 AM ISTUpdated : Oct 18, 2026, 10:20 AM IST
France Protest

Synopsis

ഫ്രാൻസിൽ പ്രതിഷേധം കലാപമായി മാറുന്നു. സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരെ തുടങ്ങിയ പ്രതിഷേധം തീവെപ്പിലും കൂട്ടക്കൊള്ളയിലും അക്രമത്തിലേക്കും വഴിമാറി. പ്രതിഷേധക്കാർ ചരിത്രസ്മാരകങ്ങൾക്ക് തീയിട്ടു.

പാരീസ്: ഫ്രാൻസിൽ സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരെ തുടങ്ങിയ യുവജന പ്രതിഷേധം കലാപമായി മാറുന്നു. സർക്കാർ കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും അടക്കം നിരവധി കെട്ടിടങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ജീവിത ചെലവ് വർധിക്കുന്നുവെന്ന പ്രശ്നം ഉയ‍ർത്തി തൊഴിലാളി സംഘടനകളും അണിനിരന്നതോടെ ആണ് പ്രതിഷേധം കലാപമായി മാറിയത്. പ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോൾ സ്ഥിതി സ‍ർക്കാരിനോ പൊലീസിനോ നിയന്ത്രിക്കാനാകുന്നില്ലെന്ന് ശനിയാഴ്ച നടന്ന വ്യാപക അക്രമവും കൊള്ളയും വ്യക്തമാക്കുന്നു. പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ രം​ഗത്തെത്തിയിട്ടുണ്ട്.

സിജിടി ട്രേഡ് യൂണിയന്റെ കണക്കനുസരിച്ച് ശനിയാഴ്ച രാജ്യവ്യാപകമായി റാലികളിൽ 5.5 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. പലയിടങ്ങളിലും റാലികൾ സമാധാനപരമായിരുന്നെങ്കിലും തലസ്ഥാനമായ പാരീസിൽ വലിയ രീതിയിലുള്ള അക്രമങ്ങളാണ് അരങ്ങേറിയത്. പാരീസ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ഇതുവരെ 1,200ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് ഔദ്യോഗിക വിവരം.

അക്രമികൾ പൊതുമന്ദിരങ്ങൾക്ക് തീയിടുകയും സൂപ്പർമാർക്കറ്റുകൾ തല്ലിത്തകർത്ത് കൊള്ളയടിക്കുകയും ചെയ്തു. പാരിസിലെ ഒരു ബാറിന് തീയിടുകയും ലില്ലിയിലെ ആപ്പിൾ സ്റ്റോർ ഉൾപ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു. ലിമോഗ്സ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ ടൗൺ ഹാളിന് പ്രതിഷേധക്കാർ തീയിട്ടതിനെ തുടർന്ന് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. ലില്ലി, മാഴ്സെ തുടങ്ങിയ നഗരങ്ങളിലെ ടൗൺ ഹാളുകളും തകർക്കപ്പെട്ടിട്ടുണ്ട്.

പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങളിൽ 60 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് അറിയിച്ചു. ഇതിൽ രണ്ട് പൊലീസുകാരുടെ നില ഗുരുതരമാണ്. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതിനിടയിൽ ഗ്രനേഡ് പൊട്ടി സെന്റ് എറ്റിയാനിൽ ഒരു പ്രതിഷേധക്കാരന്റെ കൈപ്പത്തി തകർന്നതായും റിപ്പോർട്ടുണ്ട്.

അക്രമത്തെ കടുത്ത ഭാഷയിൽ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അരാജകത്വം പരത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് എക്സിലൂടെ അറിയിച്ചു. അക്രമത്തിന് സ്ഥാനമില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ സംരക്ഷകരാണ് സുരക്ഷാസേനയെന്നും മാക്രോൺ കൂട്ടിച്ചേർത്തു. തീവ്ര ഇടതുപക്ഷ സംഘടനകളും കൊള്ളക്കാരും ചേർന്നാണ് ആസൂത്രിതമായി നഗരങ്ങളിൽ അക്രമം അഴിച്ചുവിട്ടതെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു കുറ്റപ്പെടുത്തി. അതേസമയം ഫ്രാൻസിൽ തുടങ്ങിയ പ്രതിഷേധം ഇറ്റലി, ബെൽജിയം, പോ‍ർച്ചു​ഗൽ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെസ്റ്റ് ബാങ്കിൽ യൂറോപ്യൻ നയതന്ത്രജ്ഞർക്ക് നേരെ ആക്രമണവുമായി ഇസ്രയേൽ കുടിയേറ്റക്കാർ
357 യാത്രക്കാർ, റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു