'ലൈംഗിക അതിക്രമങ്ങൾ കുറയ്ക്കാം': റോബോട്ടുകളെ വൈദികരാക്കണമെന്ന് കന്യാസ്ത്രീ

By Web TeamFirst Published Sep 21, 2019, 11:38 AM IST
Highlights

റോബോട്ട് വൈദികർ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യില്ലെന്നും ഇവർ ലിംഗ സമത്വം പാലിക്കുമെന്നും കന്യാസ്ത്രീ

ലണ്ടൻ: ക്രൈസ്‌തവ സഭയിൽ വൈദികർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാമെന്ന് കന്യാസ്ത്രീ. വില്ലനോവ സർവ്വകലാശാലയിൽ ദൈവശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ഫ്രാൻസിസ്‌കൻ സഭാംഗം ഡോ ഇലിയ ദെലിയോ ആണ് ഈ അഭിപ്രായം മുന്നോട്ട് വച്ചിരിക്കുന്നത്. 

റോബോട്ട് വൈദികർ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യില്ലെന്നും ഇവർ ലിംഗ സമത്വം പാലിക്കുമെന്നും കന്യാസ്ത്രീ അഭിപ്രായപ്പെട്ടു. ക്രൈസ്‌തവ സഭയെ പുരുഷാധിപത്യ സമൂഹമാക്കി വൈദികർ മാറ്റിയെന്ന് ഇവർ കുറ്റപ്പെടുത്തി. കൃത്രിമ ബുദ്ധിയിലൂടെ ഇതിന് പരിഹാരം കണ്ടെത്താമെന്നും അവർ പറഞ്ഞു.

"കത്തോലിക്കാ സഭയുടെ കാര്യമെടുക്കൂ. അതിൽ പുരുഷനാണ് മേൽക്കോയ്മ. പുരുഷാധിപത്യം ശക്തമാണ്, അതോടൊപ്പം ലൈംഗികാതിക്രമങ്ങൾ മൂലമുള്ള പ്രശ്നങ്ങളും ഉണ്ട്. അതുകൊണ്ട് എനിക്കൊരു ഒരു റോബോട്ട് വൈദികൻ വേണോ? ആകാം," ഇലിയ ദെലിയോ പറഞ്ഞു.  റോബോട്ടുകളെ ഉപയോഗിക്കുന്നത് കൊണ്ട് മനുഷ്യർ ഭയക്കേണ്ടതില്ലെന്നും അവരെ പങ്കാളികളായി കണ്ടാൽ മതിയെന്നും ദെലിയോ കൂട്ടിച്ചേർത്തു. ജപ്പാനിൽ ബുദ്ധ വിഭാഗത്തിന്റെ ചടങ്ങുകളിൽ റോബോട്ടുകൾ സംസ്‌കാര കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചത് വലിയ വാർത്തയായതിന് പിന്നാലെയാണ് ഈ ആവശ്യവും ഉയർന്നിരിക്കുന്നത്.

എന്നാൽ ഇതിനെതിരെയും വാദഗതികൾ ഉയർന്നിട്ടുണ്ട്. റോബോട്ടുകൾക്ക് ധാരണാശക്തിയും മനശ്ശക്തിയും ഇല്ലാത്തതിനാൽ ദൈവകൃപ ലഭിക്കില്ലെന്ന് സിസ്റ്റർ മേരി ക്രിസ്റ്റ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ആത്മീയതയും പരസ്പര സഹവർത്തിത്ത്വവും അനുഗ്രഹീതമായ മനസിൽ നിന്നുണ്ടാവുന്നതാണെന്നാണ് കത്തോലിക്കാ വിശ്വാസമെന്നും അവർ പറഞ്ഞു.

click me!