
വംശീയ പരാമര്‍ശം നടത്തിയ എംപിയുടെ ശമ്പളം വെട്ടിക്കുറച്ചും പാര്‍ലമെന്‍റില്‍ പ്രവേശിക്കുന്നതിന് വിലക്കുമായി ഫ്രാന്‍സ്. ഫ്രാന്‍സിലെ പ്രതിപക്ഷ പാര്‍ട്ടി എംപിയായ ഗ്രിഗറി ഡേ ഫോര്‍നാസാണ് അസംബ്ളി നടപടിക്കിടെ വംശീയ പരാമര്‍ശം നടത്തിയത്. ഇടതുപക്ഷ എംപിയും കറുത്ത വംശജനുമായ കാര്‍ലോസ് മാര്‍ട്ടെന്‍സ് ബിലോംഗോ കുടിയേറ്റ സംബന്ധിയായ ചോദ്യം സര്‍ക്കാരിനോട് ചോദിക്കുന്നതിനിടയിലായിരുന്നു ഗ്രിഗറി ഡേ വംശീയ പരാമര്‍ശം നടത്തിയത്. പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടതോടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷിയായത്.
വംശീയ പരാമര്‍ശം ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇടതുപക്ഷ എംപിമാര്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ കാര്ലോസ് മാര്ട്ടെന്‍സ് ബിലോംഗോയെ ലക്ഷ്യമിട്ടുള്ളതല്ല ഗ്രിഗറിയുടെ പരാമര്‍ശമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ നിലപാട്. ബിലോംഗോ പരാമര്‍ശിച്ച ആഫ്രിക്കന്‍ വംശജരടങ്ങിയ ബോട്ടിനേക്കുറിച്ചായിരുന്നു ഗ്രിഗറിയുടെ പരാമര്‍ശമെന്നായിരുന്നു പ്രതിപക്ഷ നിലപാട്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ഫ്രാന്‍സ് അസംബ്ലിയിലെ അപ്രതീക്ഷിത സംഭവങ്ങളഅ നടന്നത്. ഒരു ജീവകാരുണ്യ സംഘടന നല്‍കിയ കുടിയേറ്റക്കാരെ സംബന്ധിച്ച സന്ദേശമായിരുന്നു ബിലോംഗോ സഭയെ അറിയിച്ചത്. മെഡിറ്ററേനിയന്‍ കടലില്‍ അലയുന്ന ബോട്ടിലുള്ളവര്‍ക്ക് സഹായം നല്‍കുന്നത് സംബന്ധിച്ചായിരുന്നു ബിലോംഗോയുടെ ചോദ്യം ഇതാണ് തീവ്രവലതുപക്ഷ എംപിയായ ഗ്രിഗറിയെ ക്ഷുഭിതനാക്കിയത്. ആഫ്രിക്കയിലേക്ക് തിരിച്ചു പോകൂവെന്നായിരുന്നു ഗ്രിഗറി സഭയില്‍ പറഞ്ഞത്.
234 കുടിയേറ്റക്കാരുടെ വിഷയത്തിലായിരുന്നു ഗ്രിഗറി ഈ നിലപാട് പ്രഖ്യാപിച്ചത്. ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് എംപിക്കെതിരെ നടപടിയെടുക്കാന്‍ സഭ തയ്യാറായത്. വെള്ളിയാഴ്ചയാണ് ഗ്രിഗറിക്കെതിരായ നടപടി സഭ വ്യക്തമാക്കിയത്. പാര്‍ലമെന്‍റിലെ നടപടികളില്‍ ഭാഗമാവുന്നതിന് 15 ദിവസത്തേക്ക് വിലക്കും രണ്ട് മാസത്തെ ശമ്പളം പാതിയാക്കി വെട്ടിക്കുറച്ചുമാണ് വംശീയ പരാമര്‍ശത്തിന് ഫ്രാന്സ് നടപടിയെടുത്തത്. സഭയില്‍ നിന്ന് പുറത്തുപോകാന്‍ ഗ്രിഗറിയോട് ആവശ്യപ്പെട്ട സ്പീക്കര്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കരുതെന്നും ആവശ്യപ്പെട്ടു. വംശീയ പരാമര്‍ശത്തിന് ബിലോംഗോയോട് ഗ്രിഗറി ക്ഷമാപണം നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam