ഗാസയിലെ യുദ്ധാനന്തര പുനർനിർമ്മാണത്തിനും ഭരണനിർവ്വഹണത്തിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസി'ലേക്ക് ഇന്ത്യയ്ക്ക് ക്ഷണം.
വാഷിംഗ്ടൺ: ഗാസയിലെ യുദ്ധാനന്തര പുനർനിർമ്മാണത്തിനും ഭരണനിർവ്വഹണത്തിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഉന്നതതല സമിതിയായ ബോർഡ് ഓഫ് പീസിലേക്ക് ഇന്ത്യയ്ക്ക് ക്ഷണമെന്ന് റിപ്പോര്‍ട്ട്. ജനുവരി 15-ന് ട്രംപ് പ്രഖ്യാപിച്ച 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇസ്രായേലുമായും പലസ്തീനുമായും ഒരേപോലെ മികച്ച ബന്ധം പുലർത്തുന്ന രാജ്യമെന്ന നിലയിലാണ് ഇന്ത്യയെ ഈ സുപ്രധാന ദൗത്യത്തിലേക്ക് വൈറ്റ് ഹൗസ് ക്ഷണിച്ചിരിക്കുന്നത്.
ഗാസയിലെ സങ്കീർണ്ണമായ സാഹചര്യം കൈകാര്യം ചെയ്യാൻ മൂന്ന് തലങ്ങളുള്ള സംവിധാനമാണ് ട്രംപ് വിഭാവനം ചെയ്തിരിക്കുന്നത്.. ട്രംപ് നേരിട്ട് അധ്യക്ഷനായ പ്രധാന സമിതിയാണ് ഒന്ന്. ഈ സമിതി ഗാസയുടെ പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിക്കും. യുദ്ധം തകർത്ത പ്രദേശത്തെ ഭരണം നിയന്ത്രിക്കാൻ പലസ്തീൻ സാങ്കേതിക വിദഗ്ധർ അടങ്ങിയ കമ്മിറ്റിയാണ് രണ്ടാമത്. സാങ്കേതിക സമിതി. സമിതിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുന്ന അന്താരാഷ്ട്ര പ്രതിനിധികളുടെ സംഘമായി എക്സിക്യൂട്ടീവ് ബോർഡും പ്രവര്‍ത്തിക്കണം.
ഗാസയിലെ സമാധാന ചർച്ചകളിൽ ഇന്ത്യയുടെ സാന്നിധ്യം ഇസ്രായേലിനും പലസ്തീനും ഒരുപോലെ സ്വീകാര്യമാണ്. പലസ്തീന് സ്ഥിരമായി മാനുഷിക സഹായം നൽകുന്നതിനൊപ്പം ഇസ്രായേലുമായി തന്ത്രപരമായ പങ്കാളിത്തവും ഇന്ത്യയ്ക്കുണ്ട്. അതേസമയം, പാകിസ്താനും സമിതിയിലേക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഗാസയുടെ ഭാവി കാര്യങ്ങളിൽ പാകിസ്താന്റെ ഇടപെടൽ ഇസ്രായേൽ അംഗീകരിക്കില്ലെന്ന് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റൂവൻ അസർ വ്യക്തമാക്കി.
ട്രംപിന്റെ ഈ നീക്കത്തോട് പല രാജ്യങ്ങളും കരുതലോടെയാണ് പ്രതികരിക്കുന്നത്. ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ ഹംഗറി മാത്രമാണ് നിലവിൽ ഈ സമിതിയിലേക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സമിതി ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തിയേക്കുമെന്ന് ചില യൂറോപ്യൻ നയതന്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്. സമിതിയിൽ തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്തിയതിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. വൈറ്റ് ഹൗസ് വരും ആഴ്ചകളിൽ സമിതിയിലെ കൂടുതൽ അംഗങ്ങളെയും അവരുടെ ഉത്തരവാദിത്തങ്ങളെയും കുറിച്ച് വിശദമായ വിവരം പുറത്തുവിടുമെന്നാണ് സൂചന.


