സൗത്ത് വെയ്ൽസിൽ യാത്രക്കിടെ കാറിന് തീപിടിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അകത്ത് കുടുങ്ങി. കാറിൻ്റെ ഡോർ തുറക്കാനാവാതെ അമ്മ നിസ്സഹായയായപ്പോൾ, അതുവഴി വന്ന രണ്ട് അപരിചിതർ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി.
വെയ്ൽസ്: തീപിടിച്ച കാറിനകത്ത് നിന്ന് ഒമ്പത് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ രക്ഷിച്ച അപരിചിതർക്ക് നന്ദി പറഞ്ഞ് അമ്മ. ബ്രിട്ടനിലെ സൗത്ത് വെയ്ൽസിനടുത്ത് ബ്ലേനോ ഗ്വൻ്റിലാണ് സംഭവം. അലക്‌സ് മക്ലെൻ എന്ന യുവതിയാണ് തൻ്റെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപെട്ടത്. തീപിടിച്ചത് കണ്ട് കാറിൽ നിന്നും യുവതി ഇറങ്ങിയെങ്കിലും പിൻസീറ്റിലിരുന്ന കുഞ്ഞിനെ പുറത്തിറക്കാനായില്ല. കാറിൻ്റെ ഡോറുകൾ തുറക്കാൻ കഴിയാതിരുന്നതാണ് പ്രതിസന്ധിയായത്.
ഇതുവഴി വന്ന മറ്റൊരു കാറിലെ യാത്രക്കാരാണ് രക്ഷകരായത്. ഇവർ വാഹനം നിർത്തി, തുറന്നുകിടന്ന ഡ്രൈവറുടെ ഡോറിലൂടെ അകത്തേക്ക് കടന്ന് കുഞ്ഞിനെ പുറത്തെടുത്തു. തൊട്ടുപിന്നാലെ കാർ പൂർണമായും തീവിഴുങ്ങി.
കുഞ്ഞിനെ പ്ലേഗ്രൗണ്ടിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് അപകടം. കാറിൻ്റെ മുൻവശത്ത് നിന്നാണ് പുക ഉയർന്നത്. ഉടനെ കാർ നിർത്തി യുവതി പുറത്തിറങ്ങിയെങ്കിലും പിൻവശത്തെ വാതിൽ തുറക്കാൻ സാധിക്കാതെ വന്നതോടെ ഭയന്നു. എന്തുചെയ്യണമെന്ന് അറിയാതെ റോഡരികിൽ നിന്ന് നിലവിളിച്ചു. എന്നാൽ ദൈവതൂതരെ പോലെ അടുത്തെത്തിയ രണ്ട് അപരിചിതരും ചേർന്ന് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കുഞ്ഞിന് അപകടത്തിൽ യാതൊരു പരിക്കുമേറ്റില്ല.


