
പാരിസ്: ഫ്രാൻസിൽ സമാധാനപരമായി തുടങ്ങിയ വിദ്യാർത്ഥി പ്രതിഷേധം അക്രമാസക്തമായ കലാപമായി മാറിയതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ. അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും എന്നാൽ സമാധാനപരമായി സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പറഞ്ഞു. ഔദ്യോഗിക ടെലിവിഷൻ ചാനൽവഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ കണ്ട് താൻ കടുത്ത ദേഷ്യവും നാണക്കേടും അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ രീതിയിൽ മാന്യമായി തങ്ങളുടെ ആവശ്യങ്ങളും പരാതികളും ഉന്നയിക്കുന്ന പൊതുജനങ്ങളെയും, പൊതുമുതലുകൾ നശിപ്പിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്യുന്ന അക്രമികളെയും ഒരുപോലെ കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊതുമുതലുകൾ നശിപ്പിക്കുന്നതും കൊള്ളയടിയും തടയാൻ പ്രകടനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, അധ്യാപകരുടെ ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യം ഉന്നയിച്ചായിരുന്നു സമരം തുടങ്ങിയത്. ഇതിലേക്ക് കടന്നുകൂടിയ തീവ്ര ഇടതുപക്ഷ പ്രവർത്തകരും സ്ഥിരം കുറ്റവാളികളുമാണ് പൊതുമുതലുകൾ കത്തിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തതെന്ന് സർക്കാർ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam