
പാരിസ്: ഗർഭഛിദ്ര ഗുളികയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ബയോകെമിസ്റ്റും ഡോക്ടറുമായ എറ്റിയെൻ എമൈൽ ബൗലിയു അന്തരിച്ചു. 98 -ാം വയസിലാണ് ലോക പ്രശസ്തനായ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ജീവിതത്തിൽ നിന്നും വിടവാങ്ങിയത്. പാരീസിലെ വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ വിധവ പ്രസ്താവനയിലൂടെ പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ മാർഗം കണ്ടെത്തിയതിലൂടെയാണ് എമൈൽ ബൗലിയു ശ്രദ്ധേയനായത്. ഓറൽ മരുന്ന് RU-486 വികസിപ്പിക്കകായിരുന്നു എറ്റിയെൻ എമൈൽ ബൗലിയു.
1926 ഡിസംബർ 12 ന് സ്ട്രാസ്ബർഗിലാണ് എറ്റിയെൻ ബ്ലം എന്ന പേരിൽ ഡോ. ബൗലിയു ജനിച്ചത്. 15 വയസ്സുള്ളപ്പോൾ നാസി അധിനിവേശത്തിനെതിരായ ഫ്രഞ്ച് ചെറുത്തുനിൽപ്പിൽ ചേരാൻ അദ്ദേഹം തന്റെ പേര് മാറ്റി. ബിരുദാനന്തരം അദ്ദേഹം അമേരിക്കയിലേക്ക് പോയി. അവിടെ ഡോ. ഗ്രിഗറി പിൻകസിനൊപ്പം ജോലി ചെയ്തു. ലൈംഗിക ഹോർമോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡോ. പിൻകസ് അദ്ദേഹത്തെ ഉപദേശിച്ചു. ഫ്രാൻസിൽ മടങ്ങിയെത്തിയ ഡോ. ബൗലിയു, ബീജസങ്കലനത്തിന് ശേഷം ഗർഭാശയത്തിൽ അണ്ഡം സ്ഥാപിക്കുന്നതിന് അത്യാവശ്യമായ പ്രൊജസ്ട്രോൺ എന്ന ഹോർമോണിന്റെ പ്രഭാവം തടയുന്നതിനുള്ള ഒരു രീതി വികസിപ്പിച്ചെടുത്തു. പത്ത് വർഷത്തിനുള്ളിൽ ഗർഭഛിദ്ര ഗുളിക വികസിപ്പിച്ചെടുത്തെങ്കിലും, ഗർഭഛിദ്രത്തെ എതിർക്കുന്നവരിൽ നിന്നുള്ള കടുത്ത വിമർശനങ്ങളും ചിലപ്പോൾ ഭീഷണികളും നേരിട്ടു. ഒടുവിൽ 1988 ൽ ഈ ഗുളികയുടെ വിൽപ്പനയ്ക്ക് അംഗീകാരം ലഭിച്ചു. എന്നാൽ യൂറോപ്പിലും അമേരിക്കയിലും അന്ന് ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവരും ഗർഭഛിദ്രത്തിനെതിരെ പ്രവർത്തിക്കുന്നവരും തമ്മിലുള്ള തർക്കവിഷയമായി ഇന്നും അത് തുടരുകയാണ്. ആഗോളതലത്തിൽ നൂറിലധികം രാജ്യങ്ങളിൽ ഈ മരുന്നിന്റെ ഉപയോഗം അംഗീകരിച്ചിട്ടുണ്ടെങ്കിലും, യു എസിലും മറ്റ് നിരവധി രാജ്യങ്ങളിലും ഈ മരുന്ന് ഇപ്പോഴും കർശനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.
ലോകത്തെ മാറ്റിമറിച്ച ഫ്രഞ്ചുകാരൻ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഡോ. ബൗലിയുവിനെ വാഴ്ത്തിയത്. ധൈര്യത്തിന്റെ ഒരു ദീപസ്തംഭമെന്നും സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യം നേടാൻ പ്രാപ്തമാക്കിയ ഒരു പുരോഗമന മനസിനുടമ എന്നും വിശേഷിപ്പിച്ചു. ലോകത്തെ ഇത്രയധികം മാറ്റിമറിച്ച ഫ്രഞ്ചുകാരുടെ എണ്ണം വളരെ കുറവാണെന്നും അദ്ദേഹം എക്‌സിൽ പങ്കുവച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു. ജീവിതത്തിലുടനീളം ഡോ. ബൗലിയുവിനെ നയിച്ചത് മനുഷ്യാന്തസ്സ് എന്ന ഒരു നിബന്ധനയായിരുന്നു എന്നാണ് ഫ്രാൻസിലെ ലിംഗസമത്വ മന്ത്രിയായ അറോറെ ബെർഗെ അഭിപ്രായപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam