
ശ്രീനിവാസന്റെ സന്ദേശം എന്ന സിനിമയിലൂടെ കേരളത്തിന് പരിചിതമാണ് പോളണ്ടിലെന്ത് സംഭവിച്ചു എന്ന ഡയലോഗ്. അത് പോലെ ലോകം മുഴുവൻ ഇന്ന് ചർച്ച ചെയ്യുന്നത് വെനസ്വേലയിൽ ഇപ്പോൾ സംഭവിക്കുന്നുവെന്ന്. രണ്ട് രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പൊതു ഘടകം അമേരിക്കയാണ്. ഒരു രാത്രി പുലർന്നപ്പോൾ ഒരു സ്വതന്ത്ര- റിപ്പബ്ലിക് രാജ്യത്തിന്റെ തലവനെയും ഭാര്യയെയും മറ്റൊരു രാജ്യത്തിന്റെ ഭരണാധികരി തന്റെ രാജ്യത്തേക്ക് തട്ടിക്കൊണ്ട് പോയെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. കാലങ്ങളായി പലവിധ മാറ്റങ്ങളിലൂടെ സഞ്ചരിച്ചെങ്കിലും അധിനിവേശത്തെ പ്രാകൃത രൂപത്തിൽ തന്നെ പ്രയോക്തമാക്കുകയാണ് ട്രംപ് വെനസ്വേലയിൽ. അധിനിവേശം വൻ ശക്തികൾക്ക് എള്ളിലെ എണ്ണ പോലെയാണ്. രൂപവും ഭാവവും മാറുമെങ്കിലും രീതിയും ക്രമവും മാറുമെങ്കിലും അധികാരത്തിനായുള്ള കുതന്ത്രങ്ങൾ തുടർന്നു കൊണ്ടിരിക്കും. ലോകം കഴിഞ്ഞ കാലത്ത് കടന്നു പോയ അധിനിവേശ ശ്രമങ്ങളും, ഇന്ന് ട്രംപ് പിന്തുടരുന്ന രീതിയുടെ പ്രത്യേകതയും നോക്കാം..
ഒരു രാജ്യം മറ്റൊരു രാജ്യത്തെ നേരിട്ട് കീഴ്പ്പെടുത്തുകയും അവിടുത്തെ പരമാധികാരം പൂർണ്ണമായും ഇല്ലാതാക്കി നേരിട്ട് ഭരിക്കുന്ന രീതിയുമാണിത്. ബ്രിട്ടീഷ് ഇന്ത്യയിൽ പരമാധികാരം ബ്രിട്ടീഷ് രാജ്ഞിക്കോ പാർലമെന്റിനോ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിലൂടെ ഈ രീതിക്ക് മാറ്റമുണ്ടാക്കിയെങ്കിലും ഇന്ന് ട്രംപ് നടത്തുന്ന അധിനിവേശ ശ്രമങ്ങൾ ഇതിനോട് യോജിക്കുന്നതാണ്. വെനസ്വേലയുടെ പരമാധികാരത്തെ കടന്നാക്രമിക്കാൻ ട്രംപ് തയ്യാറായി എന്നത് തന്നെ ഇതിന് ഉദാഹരണമാണ്. തുടർന്ന് വെനസ്വേലയുടെ ഭരണം താൽക്കാലികമായി അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിന് നേരെയും ട്രംപിന്റെ വിലപേശലുണ്ടായി. ഡെന്മാർക്ക് നിഷേധിച്ചപ്പോൾ സൈനിക നടപടിക്ക് മുതിരുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
പാനമ കനാലിന്റെ നിയന്ത്രണം വീണ്ടും അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുന്നു, കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി മാറ്റുന്നതിനെക്കുറിച്ച് പറയുന്നു, വെനിസ്വേലയ്ക്ക് പിന്നാലെ ക്യൂബയിലും കൊളംബിയയിലും സമാനമായ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകുമെന്ന ഭീഷണി മുഴക്കുന്നു.. ഇത്തരത്തിൽ മറ്റൊരു രാജ്യത്തിൻറെ പരമാധികാരത്തിന് യാതൊരു വിലയും നൽകാത്ത പഴയ കൊളോണിയൽ രീതിയാണ് ട്രംപിൻറേതെന്ന് സംശയമന്യേ പറയാം.
ഇവിടെയാണ് പോളണ്ടിന് എന്തു സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരം.. ശീത യുദ്ധകാലത്ത് പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലംപതിക്കുകയുണ്ടായി. ആഭ്യന്തര ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് അതിന് നേതൃത്വം നൽകിയ ലേക് വലേസയുടെ സോളിഡാരിറ്റി ഭരണത്തിലേറി. അമേരിക്ക നേരിട്ട് ഭരണമാറ്റത്തിനായി ശ്രമിച്ചില്ലെങ്കിലും ജനകീയ പ്രക്ഷോഭത്തിന് ധാർമ്മികവും സാമ്പത്തികവുമായ പിന്തുണ നൽകിയിരുന്നു എന്ന് പിന്നീട് വാർത്തകൾ പുറത്തു വന്നു. പിന്നീട് അഞ്ച് വർഷത്തെ ഭരണത്തിന് ശേഷം ലോക് വലേസ ഭരണത്തിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. ഇന്ന് പഴയ ആ സോളിഡാരിറ്റി പോളണ്ടിലെ ഒരു ട്രേഡ് യൂണിയൻ മാത്രമായി മാറി. നിലവിൽ പോളണ്ടിലെ യാഥാസ്ഥിതിക രാഷ്ട്രീയ പാർട്ടികളോടാണ് ഈ സംഘടന കൂടുതൽ ചായ്വ് കാണിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇത് തന്നെയാണ് നവ കൊളോണിയലിസത്തിന്റെ രീതി. നേരിട്ടുള്ള സൈനിക അധിനിവേശത്തിലൂടെയല്ലാതെ, സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദ്ദങ്ങളിലൂടെ ഒരു രാജ്യത്തിന്മേൽ വൻ ശക്തികൾ ആധിപത്യം സ്ഥാപിക്കുന്ന രീതിയാണിത്. രാജ്യങ്ങളെ സാമ്പത്തിക നിയന്ത്രണത്തിലൂടെ വരുതിയിലാക്കുക, പാവ സർക്കാരുകളെ സ്ഥാപിച്ച് വിദേശ ശക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക, സാംസ്കാരിക സാമ്രാജ്യത്വം സ്ഥാപിക്കുക, സുരക്ഷയുടെ പേരിൽ സൈനിക താവളങ്ങൾ സ്ഥാപിച്ച് നിയന്ത്രിക്കുക തുടങ്ങിയവയല്ലാം നവ കൊളോണിയലിസം പയറ്റുന്ന അടവുകളാണ്.
പാവ സർക്കാർ പ്രവർത്തിക്കുന്നത് എങ്ങനെ?
1953-ൽ ഇറാനിൽ നടന്ന ഈ ഭരണമാറ്റം ചരിത്രത്തിൽ 'ഓപ്പറേഷൻ അജാക്സ്' എന്നാണ് അറിയപ്പെടുന്നത്. ഒരു വിദേശ ശക്തി മറ്റൊരു രാജ്യത്തെ ജനാധിപത്യ സർക്കാരിനെ തങ്ങളുടെ സാമ്പത്തിക ലാഭത്തിനായി എങ്ങനെ അട്ടിമറിച്ചു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ഇറാന്റെ എണ്ണക്കമ്പനികൾ നിയന്ത്രിച്ചിരുന്നത് ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള കമ്പനി ആയതിനാൽ ലാഭത്തിന്റെ സിംഹഭാഗവും ബ്രിട്ടനിലേക്കാണ് പോയിരുന്നത്. 1951-ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ മുഹമ്മദ് മൊസാദെക്, ഇറാന്റെ എണ്ണസമ്പത്ത് ഇറാന്റേത് മാത്രമാണെന്ന് പ്രഖ്യാപിക്കുകയും അത് ദേശസാൽക്കരിക്കുകയും ചെയ്തു. ഇത് ബ്രിട്ടന് വലിയ സാമ്പത്തിക തിരിച്ചടിയായി. ബ്രിട്ടൻ മൊസാദെക് കമ്മ്യൂണിസ്റ്റ് ആശയക്കാരനാണെന്ന് അമേരിക്കയെ വിശ്വസിപ്പിച്ചതായും അവരുടെ സഹായത്തോടെ ഇറാനിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് മൊസാദെക്കിനെ അട്ടിമറിച്ച്, അമേരിക്കൻ അനുകൂലിയായ ഷാ മുഹമ്മദ് റെസ പഹ്‌ലവിയെ അധികാരത്തിലെത്തിക്കുകയുമായിരുന്നു.
പോളണ്ടിൽ നിന്ന് വെനസ്വേലയിലേക്കെത്തുമ്പോൾ അമേരിക്കയുടെ അധിനിവേശ രീതിക്കുണ്ടായ മാറ്റം ഇവിടെ വ്യക്തമാണ്. പോളണ്ടിൽ സാമ്പത്തിക സഹായമൊരുക്കി ഭരണമാറ്റത്തിന് കരുത്ത് പകർന്ന അമേരിക്ക വെനസ്വേലയിൽ നേരിട്ട് അധികാരം പിടിച്ചെടുക്കുന്നു. അതായത് അധിനിവേശത്തിന്റെ ആധുനിക രീതിയായ നവ കൊളോണിയലിസത്തിന്റെ മറ പോലും വേണ്ടെന്നാണ് ട്രംപ് വെനസ്വേലയിലൂടെ ലോകത്തോട് വിളിച്ചു പറയുന്നത്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam