ഇസ്രയേലിലെ ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചു. പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. ഇറാൻ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം

വാഷിംഗ്ടൺ: ഇസ്രയേലിലെ അമേരിക്കൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ അമേരിക്കയുടെ അടിയന്തര നിർദേശം. അടിയന്തര ആവശ്യം ഉള്ള ജീവനക്കാർ ഒഴികെ ഉള്ള ജീവനക്കാരും കുടുംബങ്ങളും ഇസ്രയേൽ വിടണമെന്ന് യു എസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇസ്രായേലിൽ തുടരുന്നവർ പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുത്. ഇറാൻ ആക്രമണ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് മുന്നറിയിപ്പ് എന്നതാണ് ശ്രദ്ധേയം. എന്നാൽ തീവ്രവാദ ആക്രമണ ഭീഷണിയാണ് ഇസ്രയേൽ വിടാനുള്ള നിർദ്ദേശം നൽകിയതിന്‍റെ കാരണമായി യു എസ് ഔദ്യോഗികമായി പറയുന്നത്. ഇറാനെതിരായ ആക്രമണ നീക്കമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. യു എസ് എസ് ജെറാൾഡ് ഫോർഡ് കൂടി എത്തിയതോടെ ഇറാനെ യു എസ് ആക്രമിക്കുന്ന സാഹചര്യമുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഇറാന്‍റെ ആദ്യ തിരിച്ചടി ഇസ്രയേലിലേക്കാകും. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേലിലെ അമേരിക്കൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ അമേരിക്കയുടെ അടിയന്തര നിർദേശമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സമാധാന ചർച്ചകൾ തുടരുന്നുവെന്നാണ് അമേരിക്കയുടെ പക്ഷം.

യു എസ് എസ് ജെറാൾഡ് ഫോർഡ് സർവ്വ സജ്ജം

ഇസ്രയേൽ തീരത്തെത്തിയ യു എസ് എസ് ജെറാൾഡ് ഫോർഡ് പടക്കപ്പൽ സർവ്വ സജ്ജമെന്ന് യു എസ് നാവികസേന. സാങ്കേതിക കാരണങ്ങളാൽ വൈകിയെന്ന പേരിൽ ഏറെ ചർച്ചയായതാണ് കപ്പലിന്റെ യാത്ര. യു എസ് എസ് ജെറാൾ ഫോർഡ് കൂടി എത്തിയതോടെ മേഖലയിൽ അമേരിക്കൻ സേനാവിന്യാസം പൂർണം. ആക്രമണ സജ്ജമെന്ന് യു എസ് നാവിക സേനയുടെ പ്രഖ്യാപനം കൂടിയായതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇറാന്റെ പ്രത്യാക്രമണമുണ്ടായാൽ ചെറുക്കാൻ യു എസ് എസ് ജെറാൾഡ് ഫോർഡിനെ ഇസ്രയേൽ തീരത്താണ് വിന്യസിച്ചിരിക്കുന്നത്. എല്ലാം പൂർത്തിയായിട്ടും അമേരിക്ക, ഇറാന് നൽകിയ സമയപരിധി തീരാറായിട്ടും ഇറാൻ വഴങ്ങാതെ തുടരുകയാണ്. ആണവ കേന്ദ്രങ്ങൾ നശിപ്പിച്ചു കളയണമെന്നും, കൈയിലുള്ള യുറേനിയം ശേഖരം കൈമാറണമെന്നും സമ്പുഷ്ടീകരണമേ പാടില്ലെന്നുമുള്ള നിലപാടുകൾ ഇറാൻ തള്ളിയതായാണ് റിപ്പോർട്ടുകൾ. ഉപരോധങ്ങൾ നീക്കാൻ ഇറാൻ ആവശ്യം തുടരുകയും ചെയ്യുന്നു.

അന്തിമ ധാരണ സാധ്യമോ?

ആണവ വിഷയത്തിലും ഉപരോധങ്ങൾ നീക്കുന്നതിലും സാങ്കേതികമായി പൂർത്തിയാക്കേണ്ട കാര്യങ്ങളിലാണ് അന്തിമ ധാരണയ്ക്ക് ശ്രമിക്കുന്നത്. ഇന്നലെ നടന്ന ആറ് മണിക്കൂർ ചർച്ചയെ ഏറ്റവും ഗൗരവത്തോടെ നടന്ന ചർച്ചയെന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. അടുത്തയാഴ്ച്ച വിയന്നയിൽ ചർച്ച തുടരും. ചർച്ചകളിലൂടെ പരിഹാരത്തിന് തന്നെയാണ് അമേരിക്ക പ്രാധാന്യം നൽകുന്നതെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വിവരങ്ങൾ. അതേസമയം, സൈനിക നടപടിയിലേക്ക് കടന്നാലുള്ള സാധ്യതകൾ മുതിർന്ന കമാൻഡർമാർ അമേരിക്കൻ പ്രസിഡണ്ടിനെ ധരിപ്പിച്ചിട്ടുണ്ട്.

YouTube video player