ജി 20 ക്ക് ബൈഡൻ എത്തും, സംയുക്ത പ്രഖ്യാപനത്തിലെ തർക്കവും സ്ഥിരീകരിച്ച് അമേരിക്ക; ലോക നേതാക്കൾ എത്തിത്തുടങ്ങി

Published : Sep 06, 2023, 10:21 PM ISTUpdated : Sep 07, 2023, 12:13 PM IST
ജി 20 ക്ക് ബൈഡൻ എത്തും, സംയുക്ത പ്രഖ്യാപനത്തിലെ തർക്കവും സ്ഥിരീകരിച്ച് അമേരിക്ക; ലോക നേതാക്കൾ എത്തിത്തുടങ്ങി

Synopsis

ബൈഡന്‍റെ കൊവി‍ഡ് പരിശോധന ഫലം നെഗറ്റീവായത് ജി 20 ഉച്ചകോടിക്ക് പോസീറ്റീവായി

ദില്ലി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ എത്തുമെന്ന് അമേരിക്കയുടെ സ്ഥിരീകരണം. അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജോ ബൈഡന്‍റെ യാത്ര മുടങ്ങുമോയെന്ന ആശങ്കകൾ സജീവമായത്. എന്നാൽ ബൈഡന്‍റെ കൊവി‍ഡ് പരിശോധന ഫലം നെഗറ്റീവായത് ജി 20 ഉച്ചകോടിക്ക് പോസീറ്റീവായി. ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള ജോ ബൈഡന്‍റെ രണ്ടാം പരിശോധന ഫലവും നെഗറ്റീവായതോടെയാണ് ജി 20 ക്ക് അദ്ദേഹം എത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചത്. അടച്ചിട്ട മുറിയിൽ മാസ്ക് ധരിച്ചാകും ജോ ബൈഡൻ പങ്കെടുക്കുക.

ജി 20: പുടിനും ഷിയും എത്തില്ല, 'യുക്രൈനിൽ' ഇന്ത്യയുടെ സമവായ നിർദ്ദേശം, അമേരിക്കക്കും ജി 7 നും ശക്തമായ എതിർപ്പ്

അതിനിടെ ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലിയുള്ള തർക്കവും അമേരിക്ക സ്ഥിരീകരിച്ചു. യുക്രൈൻ വിഷയത്തിൽ സമവായം ഇല്ലെന്ന് അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ വ്യക്തമാക്കി. ജോ ബൈഡൻ എത്തുമെങ്കിലും സംയുക്തപ്രഖ്യാപനത്തിന്‍റെ കാര്യത്തിൽ സമവായം ആയിട്ടില്ലെന്നാണ് അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് പറഞ്ഞത്.

അതേസമയം റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും ചൈനയുടെ പ്രസിഡന്‍റ് ഷി ജിൻ പിങും ജി 20 ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ചൂണ്ടികാട്ടി കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലിയുള്ള തർക്കത്തിലും വിമർശനം ഉയർന്നിട്ടുണ്ട്. സംയുക്ത പ്രഖ്യാപനത്തിൽ ഒത്തുതീർപ്പിൽ എത്താനായില്ലെങ്കിൽ അത് ഇന്ത്യയ്ക്കും ക്ഷീണമാണെന്നാണ് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ പറഞ്ഞത്. എന്നാൽ ഷി ജിൻ പിങും വ്ളാഡിമിർ പുടിനും വിട്ടുനിൽക്കുന്നത് ഉച്ചകോടിയെ ബാധിക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടു. ഷി ജിൻ പിങും വ്ളാഡിമിർ പുടിനും പ്രതിനിധികളെ അയച്ചത് ചൂണ്ടിക്കാട്ടിയാണ് ഇവർ വിട്ടുനിൽക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സർക്കാർ നേരിടുന്നത്.

അതിനിടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ എത്തിത്തുടങ്ങി. നൈജീരിയൻ പ്രസിഡന്‍റ് ബോല അഹമ്മദ് തിനുബു ദില്ലിയിലെത്തി. രാഷ്ട്രീയ വിഷയങ്ങളിൽ സമവായം ഇല്ലാത്ത സാഹചര്യത്തിൽ കാലാവസ്ഥ വ്യതിയാനം, സ്ത്രീ ശാക്തീകരണം, ജൈവ ഇന്ധന ഉപയോഗം തുടങ്ങിയ വിഷയങ്ങളിലെ ധാരണകളിൽ ഉച്ചകോടിയിലെ ചർച്ചകൾ അവസാനിക്കാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം