
ദില്ലി: ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന്‍റെ ആഘോഷത്തിലും ആരവത്തിലുമാണ് രാജ്യ തലസ്ഥാനം. അതി പ്രധാനമായ ഉച്ചകോടി തുടങ്ങാൻ 3 ദിവസം മാത്രം ശേഷിക്കെ ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. എല്ലാ ഒരുക്കങ്ങളും നിരീക്ഷിക്കാനും വിലയിരുത്താനും വേണ്ട നിർദ്ദേശങ്ങൾ നൽകുവാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് മുന്നിൽ. ലോക രാജ്യങ്ങളുടെ തലവൻമാരെ രാജ്യത്തിന്‍റെ പ്രൗഡി വിളിച്ചറിയിച്ചുള്ള സ്വീകരണത്തിനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. അതിപ്രധാനമായ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉച്ചകോടി ഈ മാസം 9 നാണ് തുടങ്ങുക. അതുകൊണ്ടുതന്നെ ഈ മൂന്ന് ദിവസങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ചടുത്തോളം അത്രത്തോളം തിരക്കുള്ള സമയമാണ്.
ആസിയാൻ, ഈസ്റ്റ്-ഏഷ്യ ഉച്ചകോടികളിൽ ചൈനയുടെ 'ഭൂപടം' ചർച്ചയാക്കുമോ? പ്രധാനമന്ത്രി ജക്കാർത്തയിലേക്ക്
ഈ മൂന്ന് ദിവസത്തെ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ തന്നെ തിരക്ക് എത്രത്തോളമാണെന്ന് മനസിലാകും. ഇതിനിടയിൽ നാളെ ആസിയാൻ ഇന്ത്യ ഉച്ചകോടിയിലും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കാനായി ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്കും പ്രധാനമന്ത്രി പോകുന്നുണ്ട്. ഒരു ദിവസത്തെ സന്ദർശന ശേഷം മടങ്ങിയെത്തിയാകും ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് മോദി നേതൃത്വം നൽകുക.
ജി 20 ആരംഭിക്കുന്നതിന് മുമ്പുള്ള പ്രധാനമന്ത്രി മോദിയുടെ 3 ദിവസത്തെ പരിപാടി ഒറ്റനോട്ടത്തിൽ
കേന്ദ്ര മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലും ഉച്ചകഴിഞ്ഞ് മന്ത്രിസഭാ യോഗത്തിലും ഇന്ന് പ്രധാനമന്ത്രി പങ്കെടുത്തു
ജക്കാർത്ത സന്ദർശനത്തിന് മുന്നോടിയായി രാത്രി 7:30 വരെ പ്രധാനപ്പെട്ട വിവിധ യോഗങ്ങളിൽ പങ്കെടുക്കും
ഇന്ത്യൻ സമയം രാത്രി 8 മണിക്ക് പ്രധാനമന്ത്രി ജക്കാർത്തയിലേക്ക് പുറപ്പെടും. നാളെ (സെപ്തംബർ 7) പുലർച്ചെ 3 മണിക്ക് ജക്കാർത്തയിൽ എത്തിച്ചേരുന്ന മോദി ഏകദേശം 7 മണിക്കൂർ ഇന്ത്യോനേഷ്യയിൽ ചെലവഴിക്കും
ഇന്ത്യൻ സമയം രാവിലെ 7 മണിക്ക് മോദി ആസിയാൻ - ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കും
ഇന്ത്യൻ സമയം രാവിലെ 8:45 ന് പ്രധാനമന്ത്രി കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കും
മീറ്റിംഗ് കഴിഞ്ഞ് ഉടൻ തന്നെ പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് പുറപ്പെടും. ഇന്ത്യൻ സമയം 11:45 ന് ദില്ലിയിലേക്ക് തിരിക്കും
സെപ്തംബർ 8 ന് പ്രധാനമന്ത്രി അമേരിക്കയടക്കമുള്ള 3 രാജ്യങ്ങളുമായി സുപ്രധാന ഉഭയകക്ഷി യോഗങ്ങൾ നടത്തും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം