
ഗാസ: ഗാസയിൽ എല്ലാ മുന്നറിയിപ്പുകളും മറികടന്ന് ഇസ്രായേൽ കരയാക്രമണം ശക്തമാക്കിയതോടെ എങ്ങും ചോരക്കളമാണ്. കുരുതിക്കളമായി മാറിയ ഗാസയിൽ സമാധാനം പുലരാൻ ഇനി നിർണായകം ഫ്രാൻസും സൗദിയും ചേർന്നു നയിക്കുന്ന അടുത്ത യോഗമാണ്. ഈ മാസം 22 ന് നടക്കാനിരിക്കുന്ന യോഗത്തിൽ കൂടുതൽ അന്താരാഷ്ട്ര പിന്തുണ പ്രതീക്ഷിക്കുന്നു. ഗാസയിൽ നിന്ന് പിൻവാങ്ങണമെന്ന അറബ് - ഇസ്ലാമിക് ഉച്ചകോടിയുടെ കൂട്ടായ മുന്നറിയിപ്പും മറികടന്നാണ് ഗാസയിൽ ഇസ്രയേലിന്‍റെ വെല്ലുവിളി നീക്കം. ഇതോടെ അറബ് - ഇസ്ലാമിക് കൂട്ടായ്മയുടെ അടുത്ത നടപടി എന്താകുമെന്നത് പ്രധാനമാണ്. ആരൊക്കെ ഉപരോധിച്ചാലും എല്ലാം തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെല്ലുവിളി നടത്തിയത്. ഇതിന് തൊട്ടു പിന്നാലെയാണ് ഗസയിൽ പൂർവാധികം ശക്തിയിൽ കരയാക്രമണം തുടങ്ങിയത്.
മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ള ആഗോള സമ്മർദം ഉള്ളപ്പോഴാണ് ഇസ്രയേൽ അതിശക്ത കരയാക്രമണം തുടങ്ങിയത് എന്നതാണ് ഏവരെയും ഞെട്ടിക്കുന്ന്. അമേരിക്കയുടെ പിന്തുണ തങ്ങൾക്കുണ്ട് എന്നതാണ് നെതന്യാഹു തുറന്നു തന്നെ അവകാശപ്പെടുന്നത്. ഖത്തർ നയിക്കുന്ന വെടിനിർത്തൽ മാധ്യസ്ഥം മുന്നോട്ട് പോകാൻ ഇനിയെന്താണ് വഴി എന്നത് ലോകം ഉറ്റുനോക്കുന്നു. ഖത്തർ ഇടപെടൽ തുടരണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. തുടരും എന്നാണ് ഖത്തറിന്റെയും നിലപാട്.
ഇസ്രയേലിലെ ചർച്ച പൂർത്തിയാക്കിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉടൻ തന്നെ ദോഹയിൽ എത്തുന്നുണ്ട്. 22 നാണ് ഇരു രാഷ്ട്ര പരിഹാരം തേടി ഫ്രാൻസ് - സൗദി നയിക്കുന്ന അടുത്ത സമ്മേളനം. യു എന്നിൽ വലിയ പിന്തുണ ഇതിനോടകം ഈ നീക്കത്തിന് ഉണ്ട്. കൂടുതൽ രാഷ്ട്രങ്ങളെ അണി നിരത്താൻ കഴിഞ്ഞാൽ അത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. യു എന്നിൽ ഇസ്രയേലിന് എതിരായ മുന്നേറ്റം സൃഷ്ടിക്കാൻ അറബ് - ഇസ്ലാമിക് ഉച്ചകോടിയും തീരുമാനിച്ചിട്ടുണ്ട്. സാധ്യമായ വഴികളിൽ എല്ലാം പലസ്തീനിൽ ആക്രമണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ എത്തിക്കാനും അറബ് - ഇസ്ലാമിക് ഉച്ചകോടി തീരുമാനിച്ചിട്ടുണ്ട്.
ഇസ്രയേൽ തുടങ്ങിയ അതിശക്ത കരയാക്രമണമത്തിൽ ചോരക്കളമായി മാറിയിരിക്കുകയാണ് ഗാസ. ആദ്യ ദിവസത്തെ ബോംബാക്രമണത്തിൽ 63 പേർ കൊല്ലപ്പെട്ടു. ഗാസയിൽ നിന്ന് പലസ്തീനികൾ കൂട്ട പലായനം നടത്തുകയാണ്. ഗാസ മുനമ്പിന് മേലുള്ള സമ്പൂർണ നടപടിയുടെ മാപ്പ് ഐ ഡി എഫ് പുറത്ത് വിട്ടു. വിവിധ മേഖലകൾ കേന്ദ്രീകരിച്ചുള്ള ആക്രമണം ഓരോ ദിവസം വിപൂലീകരിക്കുമെന്ന് ഇസ്രായേൽ സേന വ്യക്തമാക്കി. ആക്രമണത്തെ നേരിടാൻ ബന്ദികളെ മനുഷ്യകവചമായി ഉപയോഗിക്കരുതെന്ന് അമേരിക്ക ഹമാസിന് മുന്നറിയിപ്പ് നൽകി.
ഇതിനിടെ ഗാസയിൽ ഇസ്രയേൽ വംശഹത്യ ചെയ്യുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടും പുറത്തുവന്നു. ഒരു വിഭാഗത്തെ പൂർണ്ണമായി ഇല്ലാതാക്കുന്നതിനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് അന്വേഷണകമ്മീഷൻ വ്യക്തമാക്കുന്നു. ഗാസയിലെ തൊണ്ണുറ് ശതമാനം വീടുകളും നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ ഉണ്ടാകുകയോ ചെയ്തു. കുടിവെള്ളമില്ല. പ്രദേശത്ത് ക്ഷാമം പ്രഖ്യാപിച്ചു. ഒക്ടോബർ 7 ന് തുടങ്ങിയ യുദ്ധത്തിൽ അന്താരാഷ്ട്രനിയമങ്ങളുടെ ഗുരുതരമായ ലംഘനം നടക്കുന്നതായും കമ്മീഷൻ കണ്ടെത്തി. ഇസ്രായേൽ സുരക്ഷാ സേന ഗാസയിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തുന്നതായും കമ്മീഷൻ വിലയിരുത്തി. എന്നാൽ റിപ്പോർട്ട് ഇസ്രായേൽ തള്ളി. വികലവും വ്യാജവുമായ റിപ്പോർട്ടാണെന്നാണ് ഇസ്രായേൽ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. ഹമാസാണ് വംശഹത്യക്ക് ശ്രമിച്ചതെന്നും ഇസ്രയേൽ അഭിപ്രായപ്പെട്ടു.