
മാസപ്പടി കേസിൽ കുഴൽനാടൻ്റെ നിർണായക നീക്കം, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തി
സി എം ആർ എൽ - എക്സാലോജിക് മാസപ്പടി കേസിൽ നിർണായക നീക്കവുമായി മാത്യ കുഴന്‍നാടന്‍ എം എൽ എ സുപ്രീം കോടതിയെ സമീപിച്ചു. സി എം ആർ എൽ - എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണ ആവശ്യപ്പെട്ടാണ് കോൺഗ്രസ് എം എൽ എ സുപ്രീം കോടതിയി അപ്പീൽ നൽകിയത്. വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് കുഴൽനാടൻ അപ്പീല്‍ നൽകിയിരിക്കുന്നത്. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും.
സ്വർണ്ണപ്പാളിയിൽ സിബിഐ അന്വേഷണം വേണമെന്ന് യുഡിഎഫും വെള്ളാപ്പള്ളിയും, നിയമസഭയിൽ പ്രതിഷേധം ഇരമ്പും
ശബരിമല സ്വർണ്ണപ്പാളി വിവാദം നാളെ മുതൽ നിയമസഭയിലും സർക്കാറിനെതിരെ ശക്തമായ ആയുധമാക്കാൻ പ്രതിപക്ഷം. വിശ്വാസ പ്രശ്നത്തിൽ സർക്കാറിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനും യുഡിഎഫിനെയും ബിജെപിയെയും പോലെ വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമം വഴി വിശ്വാസ പ്രശ്നത്തിൽ സർക്കാറിനുണ്ടായ മേൽക്കൈ ആണ് പുതിയ വിവാദത്തിൽ നഷ്ടമാകുന്നത്. കാണാതായത് ശബരിമലയിൽ സമർപ്പിച്ച സ്വർണ്ണമാണ്. അത് കൊണ്ട് തന്നെ പിടിച്ചുനിൽക്കലും പറഞ്ഞുനിൽക്കലും വലിയ പ്രയാസമാണ് സർക്കാരിന്. ഈ സമ്മേളന കാലത്ത് സ്വർണ്ണപ്പാളി വിവാദം സഭയിൽ അടിയന്തിരപ്രമേയ നോട്ടീസായി വന്നെങ്കിലും അനുമതി കിട്ടിയിരുന്നില്ല. പുതിയ പുതിയ വിവരങ്ങൾ മലവെള്ളപ്പാച്ചിൽ പോല വരുമ്പോൾ നാളെ മുതൽ പ്രതിപക്ഷത്തിൻറെ തുറുപ്പ് ചീട്ട് സ്വർണ്ണമോഷണം ആയിരിക്കും. അതിനോടുള്ള സർക്കാർ നിലപാടാണ് പ്രധാനം.
പ്രകാശ് രാജ് ജൂറി ചെയര്‍മാര്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനായുള്ള സ്ക്രീനിംഗ് നാളെ മുതല്‍
2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനുള്ള ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ തെരഞ്ഞെടുത്തു. രഞ്ജൻ പ്രമോദ്, ജിബു ജേക്കബ്, ഭാഗ്യലക്ഷ്മി, ഗായത്രി അശോകൻ, നിതിൻ ലൂക്കോസ്, സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് ജൂറി അംഗങ്ങൾ. നാളെ മുതൽ സിനിമകളുടെ സ്ക്രീനിംഗ് തുടങ്ങും. 128 സിനിമകളാണ് ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. രണ്ട് പ്രാഥമിക ജൂറികൾ തെരഞ്ഞെടുത്ത സിനിമകളാകും അന്തിമ ജൂറിക്ക് മുന്നിലെത്തുക. രഞ്ജന്‍ പ്രമോദും ജിബു ജേക്കബുമാണ് രണ്ട് പ്രാഥമിക ജൂറികളുടെ ചെയര്‍പേഴ്സണ്‍മാര്‍. രഞ്ജന്‍ പ്രമോദ് ചെയര്‍പേഴ്സണ്‍ ആയ പ്രാഥമിക വിധി നിര്‍ണയ സമിതിയില്‍ എം സി രാജനാരായണന്‍, സുബാല്‍ കെ ആര്‍, വിജയരാജ മല്ലിക എന്നിവരാണ് ഉള്ളത്.
കുമ്പള സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മൈം വീണ്ടും അവതരിപ്പിക്കും, ആരോപണ വിധേയരെ മാറ്റി നിർത്തും
കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ കലോത്സവത്തിനിടെ കുട്ടികള്‍ അവതരിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ മൈം ഷോ വീണ്ടും അവതരിപ്പിക്കും. അധ്യാപകൻ കർട്ടൻ ഇട്ടതിനെ തുടർന്ന് മുടങ്ങിയ മൈം നാളെ വീണ്ടും അവതരിപ്പിക്കാനാണ് തീരുമാനം. ഉച്ചക്ക് 12 നാണ് മൈം അവതരിപ്പിക്കുക. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്തിയായിരിക്കും അവതരണം. അതേസമയം, നിർത്തിവച്ച കലോത്സവം രാവിലെ മുതൽ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു.
അമിത് ഷായുടെ സന്ദർശനം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡൻ്റ് എസ് സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഓഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതൽ സുകുമാരൻ നായർക്കെതിരെ എൻ എസ് എസിൽ തുടങ്ങിയ പൊട്ടിത്തെറി രൂക്ഷമാകുന്നു. ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കരയോഗം പ്രമേയം പാസാക്കി എന്നതാണ് ഏറ്റവും പുതിയ വാർത്ത. സുകുമാരൻ നായർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കകണമെന്നതടക്കമുള്ള ആവശ്യപ്പെട്ടുള്ള പ്രമേയം തലവടി ശ്രീദേവി വിലാസം 2280 നമ്പർ കരയോഗമാണ് പാസാക്കിയത്. കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് ഈ പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്. സുകുമാരൻ നായർ എൻ എസ് എസിനെ സ്വാർത്ഥ ലാഭത്തിനായി ഇടതുപക്ഷത്തിന് തൊഴുത്തിൽ കൊണ്ടുപോയി കെട്ടിയെന്നതടക്കമുള്ള വിമർശനങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്രമേയം.
2 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഈ കഫ്സിറപ്പ് നൽകരുത്; സർക്കുലറുമായി സംസ്ഥാന ഡ്രഗ് കൺട്രോളർ
സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന് ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ. 2 വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുത് നിർദേശിച്ച് മെഡിക്കൽ സ്റ്റോറുകൾക്ക് സർക്കുലർ നൽകി. മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്ക് ഇടയാക്കിയ കോൾഡ്രിഫ് കഫ് സിറപ്പിന്റെ 170 ബോട്ടിലുകൾ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ജാഗ്രത കടുപ്പിക്കുകയാണ് കേരളവും. കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് മരുന്ന് വ്യാപാരികൾക്കും ഫാർമിസിസ്റ്റുകൾക്കും ഡ്രഗ് കൺട്രോളർ സർക്കുലർ നൽകിയത്.
ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സന്ദേശവുമായി സോനം വാങ് ചുക്ക്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് താൻ ജയിലിൽ തുടരുമെന്ന് സോനം വ്യക്തമാക്കി. ഇന്നലെ സോനത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പങ്കുവെച്ചത്. അതെസമയം ലഡാക്കിലെ സംഘടനകളെ ചർച്ചയിലേക്ക് എത്തിക്കാൻ കേന്ദ്രം ശ്രമം തുടരുകയാണ്. എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന മുൻനിലപാട് ആവർത്തിക്കുകയാണ് സംഘടനകൾ. ഇതിനിടെ സോനം വാങ്ചുക്കിന്റെ ഭാര്യ നൽകിയ ഹേബിയസ്കോപ്പസ് ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.
മോഹൻലാലിനുള്ള ആദരം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയായെന്ന് കെസി വേണുഗോപാൽ
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിക്കാനായി സംസ്ഥാന സർക്കാർ നടത്തിയ ലാൽസലാം പരിപാടി രാഷ്ട്രീയവത്കരിച്ചു എന്ന വിമർശനവുമായി കോൺഗ്രസ്. മോഹൻലാലിന്റെ ചടങ്ങ് ആയതിനാലാണ് വിവാദമാക്കാതിരുന്നതെന്നും ഇതുപോലുള്ള പരിപാടികൾ രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി ഉപയോഗിക്കണോ എന്നുള്ളത് സർക്കാർ ആലോചിക്കേണ്ടതായിരുന്നു എന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വേദിയിൽ ഇരുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അനുഭാവികൾ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.
ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: പാലക്കാട്ടെ ഡോക്ടർമാർക്ക് ‘ക്ലീൻ ചിറ്റ്’
ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പെൺകുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും സെപ്തംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് സംഭവം അന്വേഷിച്ചത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ട്.
വയലാര്‍ അവാര്‍ഡ് ഇ സന്തോഷ് കുമാറിന്; 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്ക് പുരസ്കാരം
9ാമത് വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാര്‍ ആണ് പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാര്‍ഡ്. വലിയ സന്തോഷമെന്ന് സന്തോഷമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ‘ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡാണ്. വലിയ എഴുത്തുകാര്‍ ഇതിന് മുൻപ് വാങ്ങിയ അവാര്‍ഡല്ലേ? വളരെ സന്തോഷം. പുരസ്കാരങ്ങള്‍ പ്രചോദനമാണ്, അതുപോലെ തന്നെ ഉത്തരവാദിത്വം കൂടിയാണ്.’ സന്തോഷ് കുമാര്‍ പറഞ്ഞു.
'തീരുമാനം വൈകുന്നത് പൊറുക്കില്ല'; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്
ഇസ്രയേലുമായുള്ള സമാധാന കരാറിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹമാസിന് മുൻ യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് ശക്തമായി മുന്നറിയിപ്പ് നൽകി. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും, ഹമാസ് വേഗത്തിൽ പ്രതികരിച്ചില്ലെങ്കിൽ "എല്ലാ സാധ്യതകളും ഇല്ലാതാകുമെന്നും" ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ താത്കാലികമായി ബോംബാക്രമണം നിർത്തിവെച്ചത് സമാധാന കരാറിനും ബന്ദി മോചനത്തിനും അവസരം നൽകാനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.