
റിയാദ്: ഗൾഫ് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി), സമാധാനത്തിന് മുൻഗണന നൽകുന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചു. ഇറാെൻറ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങളോട് ജി.സി.സി രാജ്യങ്ങൾ സംയമനം പാലിക്കുകയാണെന്നും മേഖലയുടെ സുരക്ഷ മുൻനിർത്തി ഇറാനെതിരായ സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്നും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി റിയാദിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കായി ജിസിസി രാജ്യങ്ങളുടെ മണ്ണോ ആകാശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നയതന്ത്രപരമായ നിലപാടാണ് ഗൾഫ് രാഷ്ട്രങ്ങൾ സ്വീകരിച്ചിരിക്കുന്നത്. യുദ്ധത്തിന് പകരം ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ജി.സി.സിയുടെ പക്ഷം. യുദ്ധം വ്യാപിക്കാതിരിക്കാനും ഇറാൻ വിവേകപൂർവം ചിന്തിക്കാനുമായി ഗൾഫ് രാജ്യങ്ങൾ അതീവ സംയമനം പാലിക്കുകയാണ്. സമാധാനപരമായ നയതന്ത്ര പരിഹാരത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നത്. എങ്കിലും, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
എന്നാൽ, ഗൾഫ് രാജ്യങ്ങൾ പുലർത്തുന്ന ഈ സംയമനത്തെ വഞ്ചിക്കുന്ന രീതിയിലുള്ള നടപടികളാണ് ഇറാന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സെക്രട്ടറി ജനറൽ വെളിപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ 25 ദിവസത്തിനിടെ ഇറാൻ തൊടുത്തുവിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും 85 ശതമാനവും ലക്ഷ്യം വെച്ചത് ഗൾഫ് രാജ്യങ്ങളെയാണ്. 5,000 ഡ്രോൺ-മിസൈൽ ആക്രമണങ്ങളാണ് ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായത്.
മുൻകാലങ്ങളിൽ സായുധ സംഘങ്ങളെ ഉപയോഗിച്ചായിരുന്നു ആക്രമണമെങ്കിൽ, ഇപ്പോൾ ജി.സി.സി രാജ്യങ്ങളെ നേരിട്ട് ലക്ഷ്യം വെക്കുന്ന രീതിയിലേക്ക് ഇറാൻ മാറിയിരിക്കുന്നു. വിക്ഷേപിച്ചവയിൽ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും, ചിലത് ജനവാസ മേഖലകളിൽ പതിച്ച് സിവിലിയന്മാരുടെ മരണത്തിനും സ്വത്ത് നാശത്തിനും കാരണമായിട്ടുണ്ട്. വിമാനത്താവളങ്ങൾ, ഊർജ്ജ നിലയങ്ങൾ, നയതന്ത്ര കാര്യാലയങ്ങൾ തുടങ്ങിയവയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങൾ മേഖലയിലെ വ്യോമഗതാഗതത്തെയും സുരക്ഷയെയും സാരമായി ബാധിച്ചു.
ലോകത്തിന്‍റെ ‘സാമ്പത്തിക ശ്വാസകോശം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗൾഫ് മേഖലയിലെ അസ്ഥിരത ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ജാസിം അൽ ബുദൈവി മുന്നറിയിപ്പ് നൽകി. ലോകത്തെ ആകെ എണ്ണ ഉൽപ്പാദനത്തിെൻറ 22 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ മേഖലയിലെ തടസ്സങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാെൻറ നീക്കം അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ ലംഘനമാണ്. അമേരിക്കൻ-ഇസ്രായേൽ നീക്കങ്ങളിൽ നിന്ന് വിട്ടുനിന്നിട്ടും തങ്ങൾക്കുനേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്യായമാണെന്നും, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. മേഖലയിൽ സുസ്ഥിരമായ സുരക്ഷ ഉറപ്പാക്കാൻ ഭാവിയിൽ നടക്കുന്ന ഏതൊരു നയതന്ത്ര ചർച്ചകളിലും ജി.സി.സി രാജ്യങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam