
കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ ശത്രു ഡ്രോണുകൾ ആക്രമണം നടത്തിയതായി കുവൈത്ത് പോർട്സ് അതോറിറ്റി സ്ഥിരീകരിച്ചു. സർക്കാർ കമ്മ്യൂണിക്കേഷൻ സെന്‍റർ പുറത്തിറക്കിയ പ്രസ്താവനയിൽ ആക്രമണത്തിൽ വസ്തു നാശം മാത്രമാണുണ്ടായതും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു.
സംഭവത്തെ തുടർന്ന് അടിയന്തര പ്രതികരണ സംവിധാനങ്ങൾ ഉടൻ സജീവമാക്കുകയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. നാശനഷ്ടങ്ങളുടെ വ്യാപ്തി ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ മുബാറക് അൽ-കബീർ തുറമുഖത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾക്കും പുലർച്ചെ ഡ്രോണുകളും ലോയിറ്ററിംഗ് മ്യൂനിഷനുകളും ഉപയോഗിച്ചുള്ള ഇരട്ട ആക്രമണം ഉണ്ടായതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് അടിയന്തര നടപടികൾ സജീവമാക്കിയതായും രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി നാശനഷ്ടങ്ങളുടെ തോത് വിലയിരുത്തുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുന്നുവെന്നും അധികൃതർ അറിയിച്ചു. രണ്ട് സംഭവങ്ങളിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ-വഹീബ് തിങ്കളാഴ്ച സന്ദർശിച്ചു. സുരക്ഷാ ഡയറക്ടറേറ്റ്സ് സെക്ടർ മേധാവി മേജർ ജനറൽ ഹമദ് അൽ-മുനിഫി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുള്ള അൽ-അതീഖി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം. രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്ന ചെക്ക്‌പോസ്റ്റുകളിലെ സുരക്ഷാ സേനയുടെ പ്രവർത്തനരീതിയും വിന്യാസവും അദ്ദേഹം വിലയിരുത്തി. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സ്വീകരിച്ച സുരക്ഷാ പദ്ധതികളും മുൻകരുതൽ നടപടികളും സംബന്ധിച്ച വിവരങ്ങളും അദ്ദേഹം അവലോകനം ചെയ്തു. രാജ്യസുരക്ഷ നിലനിർത്തുന്നതിൽ ചെക്ക്‌പോസ്റ്റുകൾക്ക് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam