
കാഠ്മണ്ഡു: മൂന്ന് പതിറ്റാണ്ടിലേറെയായി നേപ്പാൾ രാഷ്ട്രീയം അടക്കിവാഴുന്ന പഴയകാല പാർട്ടികളെയും നേതാക്കളെയും അട്ടിമറിക്കാൻ യുവരക്തങ്ങൾ കൈകോർക്കുന്നു. കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റി മേയറും ജനപ്രിയ ജെൻസി റാപ്പറുമായ ബാലേന്ദ്ര ഷാ, മുൻ ടെലിവിഷൻ അവതാരകനും രാഷ്ട്രീയ നേതാവുമായ രവി ലാമിച്ചാനെയുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയും (RSP) തമ്മിൽ സഖ്യം പ്രഖ്യാപിച്ചു.
മാർച്ചിൽ നടക്കാനിരിക്കുന്ന പാർലമെന്ററി തെരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ചയാണ് അദ്ദേഹം രവി ലാമിച്ചാനെയുടെ ആർ.എസ്.പിയിൽ ചേർന്നത്. ചടങ്ങിൽ ഇരു നേതാക്കളും ഏഴു പോയിന്റ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കരാർ പ്രകാരം തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ 35-കാരനായ ബാലേന്ദ്ര ഷാ നേപ്പാൾ പ്രധാനമന്ത്രിയാകും. പാർട്ടിയുടെ ചിഹ്നമായ 'മണി' അടയാളത്തിലായിരിക്കും ബാലേന്ദ്ര ഷായും സംഘവും മത്സരിക്കുക.
കഴിഞ്ഞ സെപ്റ്റംബറിൽ അഴിമതിക്കെതിരെ നേപ്പാളിലെ ജെൻസികൾ നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിച്ചത്. പ്രക്ഷോഭത്തെത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ഈ യുവജന മുന്നേറ്റത്തിന്റെ കരുത്തിലാണ് ബാലേന്ദ്ര ഷാ തന്റെ രാഷ്ട്രീയ ഭാവി പടുത്തുയർത്തുന്നത്.
പരമ്പരാഗത പാർട്ടികളായ നേപ്പാളി കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ , മാവോയിസ്റ്റ് സെന്റർ തുടങ്ങിയ വൻകിട പാർട്ടികൾക്ക് ഈ സഖ്യം വലിയ ഭീഷണിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഏകദേശം 1.9 കോടി വോട്ടർമാരുള്ള നേപ്പാളിൽ 10 ലക്ഷത്തോളം പുതിയ യുവ വോട്ടർമാരാണ് ഇത്തവണ പട്ടികയിൽ ചേർക്കപ്പെട്ടിട്ടുള്ളത്. അഴിമതിയില്ലാത്ത ഭരണവും തൊഴിലവസരങ്ങളുമാണ് പുതിയ സഖ്യത്തിന്റെ പ്രധാന വാഗ്ദാനങ്ങൾ. ദശാബ്ദങ്ങളായി പഴയ തലമുറയിലെ നേതാക്കൾ ഭരിക്കുന്ന നേപ്പാളിൽ, ജെൻ സി തലമുറയുടെ പ്രതിനിധിയായി ബാലേന്ദ്ര ഷാ എത്തുന്നത് രാജ്യത്തെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് കരുതപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam