ജോർജ് ഫ്ലോയ്ഡ് കൊവിഡ് ബാധിതനായിരുന്നു; മരണകാരണം വൈറസല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

By Web TeamFirst Published Jun 4, 2020, 10:02 PM IST
Highlights

ഫ്ലോയ്ഡിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി അടുത്തിടപഴകിയ എല്ലാവരുടെയും സ്രവ സാപിളുകൾ പരിശോധിക്കേണ്ടിവരും.

വാഷിങ്ടൺ: അമേരിക്കയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡ് കൊവിഡ് 19 ബാധിതനായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ഏപ്രിൽ 3ന് നടത്തിയ പരിശോധനയിൽ ഫ്ലോയ്ഡിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ മരണത്തിന് വൈറസ് കാരണമായിട്ടില്ലെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആൻഡ്രൂ ബേക്കർ പറഞ്ഞു. 

ഫ്ലോയ്ഡിന് കൊവിഡ് ഉണ്ടായിരുന്നുവെന്ന് പുറത്തു പറയരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിരുന്നുവെന്ന് ന്യൂയോർക് സിറ്റി മുൻ മെഡിക്കൽ ഓഫീസർ മൈക്കിൾ ബൈഡൻ പറഞ്ഞു. ഫ്ലോയ്ഡിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി അടുത്തിടപഴകിയ എല്ലാവരുടെയും സ്രവ സാപിളുകൾ പരിശോധിക്കേണ്ടിവരും.

മെയ് 25നാണ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയിരുന്ന ജോർജ്ജ് ഫ്ലോയിഡിനെ അമേരിക്കൻ പൊലീസ് കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഫ്ലോയ്ഡിന്റെ മരണത്തിൽ യുഎസിൽ പ്രതിഷേധം തുടരുകയാണ്. വർണവിവേചനത്തിനെതിരെ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പ്രദേശത്ത് അലയടിക്കുകയാണ്.

അതേസമയം, ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവർക്ക് ട്വീറ്റിൽ പിന്തുണയർപ്പിച്ച് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപ് രം​ഗത്തെത്തിയിട്ടുണ്ട്. 'ഒറ്റയ്ക്ക് നിന്നാൽ വളരെ കുറച്ച് കാര്യങ്ങളേ നേടാൻ കഴിയൂ, എന്നാൽ ഒരുമിച്ച് നിന്നാൽ വളരെയധികം നേടാൻ സാധിക്കും - ഹെലെൻ കെല്ലർ' എന്നായിരുന്നു ടിഫാനി ട്രംപിന്റെ ട്വീറ്റ്. ബ്ലാക്ക്ഔട്ട്ട്യൂസ്ഡേ, ജസ്റ്റീസ് ഫോർ ജോർജ്ജ് ഫ്ലോയിഡ് എന്ന ഹാഷ്ടാ​ഗുകളും ട്വീറ്റിനൊപ്പം  ചേർത്തിരുന്നു. 

Read Also: ഒറ്റയ്ക്കല്ല, ഒരുമിച്ച് നിന്നാൽ വളരെയേധികം നേടാം; പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ട്രംപിന്റെ മകള്‍

click me!