ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കി ജർമനി

By Web TeamFirst Published Jul 6, 2021, 9:51 AM IST
Highlights

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള  രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജർമനി നീക്കി

ബെർലിൻ: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള  രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജർമനി നീക്കി. കൊവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ച പോർച്ചുകഗൽ, ബ്രിട്ടൻ,  അയർലാൻഡ്, റഷ്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്കാണ് ജർമനി നീക്കിയത്.

യാത്രാ വിലക്ക് നീക്കുമെങ്കിലും ഇന്ത്യയിൽ നിന്നടക്കമുള്ള യാത്രക്കാർക്ക് ക്വാറന്റീൻ നിബന്ധനകൾ പാലിക്കേണ്ടി വരും. ഡെൽറ്റ വകഭേദമുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ നിന്ന്  'ഹൈ ഇൻസിഡൻസ്' എന്ന പട്ടികയിലേക്കാണ് രാജ്യങ്ങളെ മാറ്റിയിരിക്കുന്നത്. 

ഈ പട്ടികയിൽ പെട്ട രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ പൂർത്തിയായവർക്കും, കൊവിഡ് മുക്തി നേടിയവർക്കും ക്വാറന്റീൻ നിർബന്ധമാക്കില്ല. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്സിനേഷൻ സർട്ടിഫിക്കറ്റോ യാത്രയ്ക്ക് മുമ്പ് ഹാജരാക്കണം. 

വാക്സിനേഷൻ ചെയ്യാതെ എത്തുന്ന ആളുകൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കം. ജർമനിയിൽ എത്തി പത്ത് ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. അഞ്ച് ദിവസത്തിന് ശേഷം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ക്വാറന്റീൻ അവസാനിപ്പിക്കാമെന്നും വ്യവ്യസ്ഥയുണ്ട്. 

മൂന്ന് വിഭാഗങ്ങളിലായാണ് രാജ്യങ്ങളെ ജർമനി പട്ടികപ്പെടുത്തിയിരിക്കുന്നത്. വൈറസ് വകഭേദം ഉള്ളവ, ഹൈ ഇൻസിഡൻസ്, ബേസിക് റിസ്ക് മേഖല. കഴിഞ്ഞ ഏപ്രിൽ അവസാനമാണ് ഇന്ത്യ ഡെൽറ്റ വകഭേദമുള്ള പട്ടികയിൽ ഇടം പിടിച്ചിരുന്നത്.

click me!