
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ജര്‍മ്മനി. രാഹുലിന്റെ കേസില്‍ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയും പിന്നാലെയുണ്ടായ അയോഗ്യനാക്കല്‍ നടപടിയും ശ്രദ്ധിക്കുന്നുണ്ട്. കോടതി വിധിക്കെതിരെ രാഹുലിന് അപ്പീലിന് പോകാനാകുമെന്നാണ് കരുതുന്നതെന്നും ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.
കോടതി വിധി നിലനില്‍ക്കുമോയെന്നും രാഹുലിനെ അയോഗ്യനാക്കിയതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് അതിന് ശേഷമേ വ്യക്തമാകു. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങളും ജനാധിപത്യത്തിന്റെ മൗലികതത്വങ്ങളും കേസില്‍ ബാധകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജര്‍മ്മനി പറഞ്ഞു.സൂറത്ത് കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലായിരുന്നു കേസ്.
സമാന കേസില്‍ പാറ്റ്‌ന കോടതിയില്‍ ഹാജരാകാനും രാഹുലിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 12ന് ഹാജരായി മൊഴി നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍ തീയതി നീട്ടി ചോദിക്കാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്. ഏപ്രില്‍ അഞ്ചിലെ കോലാര്‍ സന്ദര്‍ശനത്തിന് മുന്‍പ് കേസില്‍ രാഹുല്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിന്‍ പുരോഗമിക്കുകയാണ്.
അതേസമയം, ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടി ദില്ലി പൊലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ആവശ്യപ്പെട്ട സാവകാശം ഇന്ന് അവസാനിക്കും. പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന ശ്രീനഗര്‍ പ്രസംഗത്തിന്റെ പേരിലാണ് ദില്ലി പൊലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്.
Read More : 'യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാർ, 'രാഹുലിനെ യുകെയിലെ കോടതി കയറ്റും'; ലളിത് മോദി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam