'ഞാൻ ഡൽഹിയിൽ മത്സരിച്ചാൽ പത്തുലക്ഷം വോട്ട് കിട്ടുമെന്ന് പറഞ്ഞു', ഇന്ത്യയെ വിടാതെ മെലോനി; പുതിയ പുസ്തകത്തിലും ഓർമപുതുക്കൽ

Published : Jun 26, 2026, 12:46 PM IST
giorgia meloni recalls grand welcome in delhi in new book

Synopsis

2023-ലെ തന്‍റെ ഇന്ത്യൻ സന്ദർശനവേളയിൽ ഡൽഹിയിലെ തെരുവുകളിൽ തനിക്ക് ലഭിച്ച വൻ സ്വീകരണത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

ഡൽഹി: 2023-ലെ തന്‍റെ ഇന്ത്യൻ സന്ദർശനവേളയിൽ ഡൽഹിയിലെ തെരുവുകളിൽ തനിക്ക് ലഭിച്ച വൻ സ്വീകരണത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. മാധ്യമപ്രവർത്തകൻ അലസ്സാൻഡ്രോ സല്ലുസ്തിയുമായുള്ള അഭിമുഖത്തെ അടിസ്ഥാനമാക്കി പുറത്തിറക്കിയ തന്‍റെ പുതിയ പുസ്തകമായ "ജോർജിയാസ് വിഷൻ" (Giorgia's Vision)-ലാണ് മെലോനി ഈ രസകരമായ അനുഭവം വിവരിക്കുന്നത്. 2023 മാർച്ചിൽ നടന്ന എട്ടാമത് 'റൈസീന ഡയലോഗിൽ' പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴുള്ള അനുഭവമാണ് അവർ പങ്കുവെച്ചത്. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ റോഡിന്‍റെ ഇരുവശങ്ങളിലും തന്‍റെ ചിത്രമുള്ള വൻ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നതായി മെലോനി ഓർക്കുന്നു.

"ഞാൻ എത്തിയപ്പോൾ, റോഡിന് ഇരുവശങ്ങളിലും എന്‍റെ ചിത്രവും സ്വാഗതം എന്നെഴുതിയ പോസ്റ്ററുകൾ ഉണ്ടായിരുന്നു. ഞാൻ മടങ്ങിപ്പോകുമ്പോൾ, അതേ ചിത്രത്തിനൊപ്പം 'താങ്ക് യു ഫോർ വിസിറ്റിംഗ്' എന്നായിരുന്നു പോസ്റ്ററുകളിൽ എഴുതിയിരുന്നത്," മെലോനി പുസ്തകത്തിൽ കുറിച്ചു. ഈ വിപുലമായ സ്വീകരണം കണ്ട്, തന്നോടൊപ്പമുണ്ടായിരുന്ന ഇറ്റാലിയൻ ഉപപ്രധാനമന്ത്രി തമാശരൂപേണ ഒരു കാര്യം പറഞ്ഞതായും മെലോനി ഓർക്കുന്നു. "ഇത്രയധികം പോസ്റ്ററുകൾ കാണുമ്പോൾ, നിങ്ങൾ ഡൽഹിയില്‍ മത്സരിക്കുകയാണെങ്കിൽ ഒരു പത്ത് ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കും," എന്ന് പറഞ്ഞതായും മെലോനിയുടെ പുസ്തകത്തിൽ പറയുന്നു.

2023-ൽ രണ്ട് തവണയാണ് മെലോനി ഇന്ത്യ സന്ദർശിച്ചത്. മാർച്ചിൽ റൈസീന ഡയലോഗിനായും പിന്നീട് സെപ്റ്റംബറിൽ ജി20 ഉച്ചകോടിക്കായുമാണ് അവർ എത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന മെലോനിയുടെയും മോദിയുടെയും ചിത്രങ്ങൾ 'മെലോഡി' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഏറെ തരംഗമായിരുന്നു.

നയതന്ത്ര രംഗത്ത് ഔദ്യോഗികമായ ചട്ടക്കൂടുകൾക്ക് അപ്പുറം വ്യക്തിപരമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകത്തിലെ ‘ലോകനേതാക്കൾക്കിടയിൽ തലയുയർത്തി’ എന്ന അധ്യായത്തിൽ മെലോനി വ്യക്തമാക്കുന്നുണ്ട്. ഒരു ചെറിയ തമാശയോ, വ്യക്തിപരമായ കഥയോ, അല്ലെങ്കിൽ പൊതുവായ താൽപ്പര്യങ്ങളോ വലിയ നയതന്ത്ര ബന്ധങ്ങൾക്ക് വഴിതുറക്കാമെന്ന് അവർ വിശ്വസിക്കുന്നു. ജോർജിയാസ് വിഷൻ വെറുമൊരു രാഷ്ട്രീയ ഓർമ്മക്കുറിപ്പുകൾക്ക് അപ്പുറം നേതൃപാടവം, ദേശീയ വ്യക്തിത്വം, കുടുംബം, വിശ്വാസം എന്നിവയെക്കുറിച്ചുള്ള മെലോനിയുടെ കാഴ്ചപ്പാടുകളാണ് ചർച്ച ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ പ്രസിഡന്‍റിനൊപ്പം നടന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ 'അസാധാരണ പ്രവൃത്തി'; വീഡിയോ പ്രചരിച്ചതോടെ വിമർശനം
തക‍ർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽ ജീവൻ്റെ തുടിപ്പ്, പിഞ്ചുകുഞ്ഞിനെ അടക്കം പുറത്തെടുത്തു; വെനസ്വേലയിൽനിന്ന് ആശ്വാസ വാർത്തകളും