
കശ്മീര്‍: കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനിടയില്‍ അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ കഥയുമായി പന്ത്രണ്ടുകാരി. പതിനെട്ട് മണിക്കൂറുകളോളം മഞ്ഞിനടിയില്‍ കുടുങ്ങിയ ശേഷമാണ് പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പാക് അധിനിവേശ കശ്മീരിലാണ് സംഭവം.
സമീന ബിബി എന്ന പന്ത്രണ്ടുകാരിയാണ് വീടിന് സമീപമുണ്ടായ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയത്. വീടിന്‍റെ ഷെഡിന് മുകളിലേക്ക് മഞ്ഞ് ഇടിഞ്ഞ് വീണതോടെ സമീന ഇതിനുള്ളില്‍ പെടുകയായിരുന്നു. മഞ്ഞ് വീഴ്ച കനത്തതോടെ വീട്ടിലെ അംഗങ്ങള്‍ തീ കായുന്നതിന് ഇടയിലേക്കാണ് മഞ്ഞിടിഞ്ഞ് വീണത്. നിമിഷ നേരത്തിനുള്ളില്‍ എല്ലാവരും മഞ്ഞിനടിയിലായി. കുടുംബാംഗങ്ങളില്‍ പലരും പല ഭാഗത്തായി ചിതറിപ്പോയി. എന്‍റെ മേല്‍ ഒരു ഷീറ്റ് വീണു. കാലിന് അസഹ്യമായ വേദന തോന്നി. ഷീറ്റ് തള്ളിമാറ്റാന്‍ ശ്രമിച്ചിട്ട് നടന്നില്ല. ആരെങ്കിലും തേടി വരുമെന്ന പ്രതീക്ഷയില്‍ സഹായത്തിനായി ഉറക്കെ വിളിച്ചുകൊണ്ടിരുന്നു- സാമിന അന്തര്‍ദേശീയ മാധ്യമങ്ങളോട് പറയുന്നു.
കാലൊടിഞ്ഞ് വായില്‍ നിന്ന് രക്തം ഒഴുകി അവശ നിലയിലാണ് രക്ഷാപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ മഞ്ഞിനടിയില്‍ നിന്ന് കണ്ടെത്തിയത്. സാമിനയുടെ അമ്മയെ മാത്രമാണ് ഇതിനോടകം മഞ്ഞിടിച്ചില്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. മുസാഫറബാദിലെ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലാണ് പെണ്‍കുട്ടിയുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ നീലം താഴ്വരയിലുണ്ടായ മണ്ണിടിച്ചിലിലും മഞ്ഞിടിച്ചിലും ഏകദേശം 74 പേര്‍ മരിച്ചതായാണ് ബിബിസി റിപ്പോര്‍ട്ട്. ഹിമാലയന്‍ മേഖലയിലുള്ള ഇവിടങ്ങളില്‍ കാലവസ്ഥാ വ്യതിയാനം രൂക്ഷമായി പ്രതിഫലിക്കാറുണ്ടെങ്കിലും അടുത്ത് കാലത്ത് നേരിട്ടതില്‍ വച്ച് ഏറ്റവും രൂക്ഷമാണ് താഴ്‍വരയിലെ സാഹചര്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam