ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്നുണ്ടോ? ട്രംപിന്‍റെ ചോദ്യത്തില്‍ ഞെട്ടി മോദി; വെളിപ്പെടുത്തല്‍

By Web TeamFirst Published Jan 16, 2020, 12:12 PM IST
Highlights

നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി പങ്കിടുന്ന കാര്യം അറിയില്ലെന്ന് ട്രംപ് പറഞ്ഞത്. 

വാഷിങ്ടൺ: ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി പങ്കിടുന്ന കാര്യം അറിയില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞെട്ടിയിരുന്നെന്ന് വെളിപ്പെടുത്തി മാധ്യമപ്രവർത്തകർ. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി പങ്കിടാത്തതിനാൽ ചൈനയെക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു പ്രധാനമന്ത്രിയോട് ട്രംപ് പറഞ്ഞിരുന്നത്. മാധ്യമപ്രവർത്തകരായ ഫിലിപ്പ് റാക്കറും കരോൾ ലിയോണിംഗും ചേർന്ന് എഴുതിയ 'എ വെരി സ്റ്റേബിൾ ജീനിയസ്' എന്ന പുസത്കത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. അമേരിക്കൻ പത്രമായ വാഷിങ്ടൺ പോസ്റ്റിലെ പുലിസ്റ്റർ സമ്മാനം നേടിയ മാധ്യമ പ്രവർത്തകരാണ് ഇവര്‍.

നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി പങ്കിടുന്ന കാര്യം അറിയില്ലെന്ന് ട്രംപ് പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി പങ്കിടുന്നുണ്ടെന്ന വസ്തുത ട്രംപിന് അറിയില്ലെന്ന് മനസ്സിലാക്കിയ മോദി കൂടിക്കാഴ്ച മതിയാക്കി പോകാനൊരുങ്ങിയിരുന്നതായും ട്രംപിന്റെ സഹായി പറഞ്ഞിരുന്നതായി പുസ്തകത്തിൽ പറയുന്നു. ഇദ്ദേഹം കാര്യഗൗരവമുള്ള ആളല്ലെന്നും ഇദ്ദേഹത്തെ ഒരു പങ്കാളിയായി കണക്കാക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞിരുന്നതായി പുസ്തകത്തെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാഷിംഗ്ടണുമായുള്ള നയതന്ത്ര ബന്ധത്തിൽനിന്ന് ഇന്ത്യ ഒരു പടി പിന്നോട്ട് നീങ്ങിയതായും ട്രംപിന്‍റെ സഹായി പറഞ്ഞതായി ഫിലിപ്പ് റാക്കറും കരോൾ ലിയോണിംഗും പുസ്തകത്തിൽ‌ കുറിച്ചു. അതേസമയം, ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഡോണള്‍ഡ് ട്രംപ് ഫെബ്രുവരി അവസാനത്തോടെ ഇന്ത്യ സര്‍ന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇംപീച്ച്മെന്‍റ് നടപടികളുടെ ഭാഗമായി ഈ ആഴ്ച്ച ആരംഭിക്കുന്ന സെനറ്റ് വിചാരണയുടെ പുരോഗതി അനുസരിച്ചാകും സന്ദര്‍ശന തീയതി നിശ്ചയിക്കുക.  
 

Read More: ഫെബ്രുവരി പകുതിയോടെ ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കും; തിയ്യതി പ്രഖ്യാപനം പിന്നീട്


   

click me!