
ന്യൂയോർക്ക്: കോടീശ്വരനായ നിക്ഷേപകൻ ഗ്ലെൻ ഡുബിനെതിരെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈൻ കേസിലെ പുതിയ കോടതി രേഖകളിൽ ആരോപണം. ഭാര്യയുടെ ഗർഭകാലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായാണ് ആരോപണം. ഗർഭിണിയായ ഭാര്യ അടുത്ത മുറിയിൽ ഉറങ്ങുമ്പോൾ കൗമാരിക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി എപ്സ്റ്റൈല്‍ കേസിലെ സീൽ ചെയ്യാത്ത കോടതി രേഖകളിൽ ആരോപിക്കുന്നുവെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു.
അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ഗ്ലെൻ ഡുബിനിന്റെ അഭിഭാഷകർ പ്രതികരിച്ചു. ഗ്ലെൻ ഡുബിന്റെ ഭാര്യ ഇവാ ആൻഡേഴ്‌സൺ ഡുബിൻ, 1994-ൽ ഗ്ലെൻ ഡുബിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ജെഫ്രി എപ്‌സ്റ്റീനുമായി വർഷങ്ങളോളം ഡേറ്റ് ചെയ്തിരുന്നു. 2008-ൽ എപ്‌സ്റ്റൈന്റെ ശിക്ഷാവിധി വന്നിട്ടും സൗഹൃദം തുടരുകയും 2009-ലെ ചടങ്ങിന് ക്ഷണിക്കുകയും ചെയ്തു. എപ്‌സ്റ്റൈന്റെ പ്രൊബേഷൻ ഓഫീസർക്ക് ഇവാ ആൻഡേഴ്‌സൺ ചടങ്ങിനെത്തണമെന്നാവശ്യപ്പെട്ട് മെയിൽ അയക്കുകയും തന്റെ മക്കൾ എപ്‌സ്റ്റൈന്റെ സാന്നിധ്യത്തിൽ സുരക്ഷിതരാണെന്ന് വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ജെഫ്രി എപ്‌സ്റ്റീനെതിരെ നിരവധി സ്ത്രീകളാണ് ലൈംഗിക ചൂഷൻ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
എപ്‌സ്റ്റൈൻ കേസിലെ രേഖകളിലെ വിവരങ്ങൾ പുറത്തുവന്നത് അമേരിക്കയെ പിടിച്ചുകുലുക്കിയിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി, നിരവധി രാഷ്ട്രീയ-ശാസ്ത്ര- സിനിമാരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഈ രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ഹോളിവുഡ് നടന്‍ ഡി കാപ്രിയോ, ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ് തുടങ്ങി ലോകപ്രശസ്തമായ നിരവധി പേരുകളാണ് ഈ രേഖകളിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജെഫ്രെ എപ്സ്റ്റിനെ 2019ൽ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും പെണ്‍വാണിഭം നടത്തുകയും ചെയ്തെന്ന ഗുരുതരമായ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിന്നത്.
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായും സെലിബ്രിറ്റികളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ജെഫ്രെ എപ്സ്റ്റിന്‍. ടിവി അഭിമുഖത്തില്‍ എപ്സ്റ്റിനെ ട്രംപ് പുകഴ്ത്തി സംസാരിച്ചിരുന്നു. എപ്സ്റ്റിനുമായി 15 വര്‍ഷത്തെ പരിചയമുണ്ടെന്നും സുന്ദരികളെ ഇഷ്ടപ്പെടുന്ന ആളാണെന്നുമാണ് ട്രംപ് എപ്സ്റ്റിനെക്കുറിച്ച് പറഞ്ഞത്.