
കാഠ്മണ്ഡു: നേപ്പാളിലെ പ്രശസ്തനായ ബുദ്ധ സന്ന്യാസി ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിൽ. ശ്രീബുദ്ധന്റെ പുനർജന്മമെന്ന പേരിൽ അറിയപ്പെട്ടിരുന്ന രാം ബഹാദൂർ ബോംജോനിനെയാണ് നേപ്പാൾ സിഐബി അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് കാഠ്മണ്ഡുവിലെ രഹസ്യസങ്കേതത്തിൽ നിന്നായിരുന്നു അറസ്റ്റ്. 33കാരനായ ഇയാൾ ബുദ്ധന്റെ പുനർജന്മമാണെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കൗമാരപ്രായത്തിൽ തന്നെ രാം ബഹാദൂർ പ്രശസ്തനായി.
അടുത്തിടെ രാം ബഹാദൂറിന്റെ സങ്കേതത്തിൽ നിന്ന് നാല് പേരെ കാണാതായിരുന്നു. ഇവരുടെ തിരോധാനത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കൂടാതെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവും രാം ബഹാദൂറിനെതിരെ ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. കാഠ്മണ്ഡുവിലെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു രാം ബഹാദൂറെന്ന് പൊലീസ് പറഞ്ഞു. സിഐബി ഉദ്യോഗസ്ഥരെത്തിയപ്പോൾ ഇയാൾ ജനാലയിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അറസ്റ്റ് വിവരം പുറത്തറിഞ്ഞതോടെ സിഐബി ഓഫിസിന് മുന്നിൽ ആയിരങ്ങൾ തടിച്ചുകൂടി. ജനക്കൂട്ടത്തിനിടയിലൂടെയാണ് പൊലീസ് ഇയാളെ കൈവിലങ്ങുമിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നത്. അറസ്റ്റ് സമയത്ത് വീട്ടിൽ നിന്ന് പിടിച്ചെടുത്ത 227,000 ഡോളറിന് തുല്യമായ നേപ്പാൾ രൂപയും 23,000 ഡോളറിന്റെ മറ്റ് വിദേശ കറൻസികളും ഉദ്യോഗസ്ഥർ പ്രദർശിപ്പിച്ചു. രാം ബഹദൂറിനെ തെക്കൻ നേപ്പാളിലെ കോടതിയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.
നേപ്പാളിൽ ഏറെ പ്രശസ്തനാണ് 'ബുദ്ധ ബാലൻ' എന്നറിയപ്പെടുന്ന രാം ബഹാദൂർ ബോംജോൻ. ഇയാൾക്ക് നിരവധി അനുയായികളും ശിഷ്യന്മാരുമുണ്ട്. നേപ്പാളിലെ ബാര ജില്ലയാണ് സ്വദേശം. ബുദ്ധനുമായുള്ള സാമ്യം കാരണം ഗൗതമ ബുദ്ധന്റെ പുനർജന്മമാണെന്ന് ആളുകൾ വിശ്വസിക്കാൻ തുടങ്ങിയതോടെയാണ് പ്രശസ്തനായത്. ബുദ്ധമത വിശ്വാസികളിൽ ഒരു വിഭാഗം ഇയാളെ എതിർത്തെങ്കിലും രാം ബഹാദൂറിന്റെ ജനപ്രീതി വർധിച്ചു. നിശ്ചലനായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ, മാസങ്ങളോളം മരചുവട്ടിലിരുന്ന് ധ്യാനിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് പലരും വിശ്വസിച്ചു. രാം ബഹാദൂറിന്റെ അപ്രതീക്ഷിത അറസ്റ്റ് അനുയായികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam