
സിഡി ബൗ സെയ്‌ദ്: ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗിനെയും 44 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും വഹിച്ച് ഗാസയിലേക്ക് സഹായവുമായി പോയ കപ്പൽ ഇസ്രയേൽ ആക്രമിച്ചു. ഗ്ലോബൽ സുമുദ് ഫ്ലോട്ടില കപ്പലാണ് ടുണീഷ്യൻ തീരത്ത് ഡ്രോൺ ആക്രമണത്തിൽ തീപിടിച്ചത്. ഗാസ മുനമ്പിലെ ഇസ്രയേൽ ഉപരോധം മറികടന്ന് ഇവിടേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കപ്പൽ. ആക്രമണത്തിൽ ആറ് യാത്രക്കാരും ജീവനക്കാരുമടക്കം ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കപ്പൽ കമ്പനി അറിയിച്ചു.
പോർച്ചുഗീസ് പതാക വഹിച്ച് പോയ കപ്പലിൽ തീപിടിത്തമുണ്ടായതാണെന്നും ഡ്രോൺ ആക്രമണമല്ലെന്നുമാണ് ടുണീഷ്യ സർക്കാരിൻ്റെ പ്രതികരണം. ആക്രമണത്തിനു ശേഷം, ടുണീഷ്യയിലെ സിഡി ബൗ സെയ്ദ് തുറമുഖത്ത് ജനക്കൂട്ടം തടിച്ചുകൂടി. ഇവർ പലസ്തീൻ പതാകകൾ വീശുകയും പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഗാസ മുനമ്പിലേക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുമായാണ് കപ്പൽ പോയത്. കപ്പലിൻ്റെ പ്രധാന ഡെക്കിനും താഴെയുള്ള സംഭരണശാലയ്ക്കും തീപിടിച്ചു. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില. സിവിലിയൻ ബോട്ടുകൾ ഉപയോഗിച്ചാണ് ഇവർ സഹായം എത്തിച്ചത്. ആക്രമണം നടന്ന സമയത്ത് ഫ്ലോട്ടിലയുടെ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും കപ്പലിൽ ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam