
വെനീസ്: പ്രശസ്തമായ ഗ്രാൻഡ് കനാലിൽ പ്രതിഷേധത്തിന്റെ പേരിൽ ഛായം ഒഴിച്ച് പച്ച നിറം നൽകിയതിന് സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബെർഗിനെ വെനീസിൽ നിന്ന് രണ്ട് ദിവസത്തേക്ക് വിലക്കുകയും 131 പൗണ്ട് പിഴ ചുമത്തുകയും ചെയ്തു. ബ്രസീലിൽ നടന്ന ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയിൽ അംഗീകരിച്ച കരാറിൽ ഫോസിൽ ഇന്ധന നിയന്ത്രണങ്ങൾ ഉൾപ്പെടുത്തുന്നതിനെതിരെ ഇറ്റലി നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ഗ്രേറ്റ ആൻഡ് എക്സ്റ്റിങ്ഷൻ റിബല്യൺ പ്രവർത്തകർ നടത്തിയ സമരത്തിലാണ് കനാലിൽ ഛായം കലക്കിയത്.
ഗ്രേറ്റയെ കൂടാതെ, ഇറ്റലിയിൽ നിന്നുള്ള 35 ആക്ടിവിസ്റ്റുകളെയും വിലക്കുകയും ശിക്ഷിക്കുകയും ചെയ്തു. എന്നാൽ കനാലിലൊഴിച്ച ഛായം വിഷരഹിതമാണെന്നും പ്രതീകാത്മകമായ സമരം നടത്തിയതാണെന്നും ഗ്രെറ്റയും സംഘവും പ്രതികരിച്ചു. പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുന്നതിനേക്കാൾ സ്വയം ദൃശ്യത നൽകുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്നും ഈ ഉപയോഗശൂന്യമായ പ്രതിഷേധത്തിൽ ഗ്രേറ്റ തുൻബെർഗിനെയും കാണുമ്പോൾ ആശ്ചര്യം തോന്നുന്നുവെന്നും വെനെറ്റോ ഗവർണർ ലൂക്ക സായ പറഞ്ഞു.
കാലാവസ്ഥാ തകർച്ചയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനായി, മിലാൻ, ജെനോവ, ബൊളോണ, പാദുവ, പലേർമോ, പാർമ, ട്രൈസ്റ്റെ, ടൂറിൻ, ടാരന്റോ എന്നിവിടങ്ങളിലെ നദികൾ, കനാലുകൾ, ജലധാരകൾ എന്നിവയും എക്സ്റ്റിൻക്ഷൻ റിബലിയൻ പ്രവർത്തകർ ലക്ഷ്യമിട്ടു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളാണ് വെനീസിലെ കനാലുകൾ. തുൻബർഗിന്റെ പ്രവൃത്തി നഗരത്തിന്റെ പൈതൃകത്തോടും അതിന്റെ ചരിത്രത്തോടുമുള്ള അനാദരവാണെന്നും ഭരണകൂടം വിശേഷിപ്പിച്ചു. ബ്രസീലിൽ നടന്ന COP30 ഉച്ചകോടിയിൽ അമേരിക്ക പങ്കെടുത്തിരുന്നില്ല.