ലോക്ക്ഡൌണ്‍ കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടഭക്ഷണവുമായി ഈ അധ്യാപകന്‍ ദിവസേന നടക്കുന്നത് കിലോമീറ്ററുകള്‍

By Web TeamFirst Published Apr 10, 2020, 5:16 PM IST
Highlights

പതിനെട്ട് കിലോയോളം ഭാരം വരുന്ന ഭക്ഷണപൊതികളും ഹോം വര്‍ക്കുകളുമായാണ് സേന്‍ പവ്വല്‍ എന്ന ഈ അധ്യാപകന്‍ കുട്ടികളെ തേടി എട്ട്കിലോമീറ്ററോളം ദൂരം നടന്നെത്തുന്നത്. 

ഗ്രിംസ്ബി(ലണ്ടന്‍): ലോക്ക് ഡൌണ്‍ മൂലം സ്കൂളുകള്‍ അടച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ട ഭക്ഷണവുമായി ദിവസവും കാല്‍നടയായി ഈ അധ്യാപകന്‍ നടക്കുന്നത് അഞ്ച് മൈലിലേറെ ദൂരം. ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷെയറിലെ ഗ്രിംസ്ബിയിലെ പ്രാഥമിക വിദ്യാലയത്തിലെ മുതിര്‍ന്ന അധ്യാപകനാണ് ഇത്തരത്തില്‍ 78 കുട്ടികള്‍ക്കുള്ള ഭക്ഷണം വീടുകളില്‍ ചെന്ന് കൈമാറുന്നത്. പതിനെട്ട് കിലോയോളം ഭാരം വരുന്ന ഭക്ഷണപൊതികളും ഹോം വര്‍ക്കുകളുമായാണ് സേന്‍ പവ്വല്‍ എന്ന ഈ അധ്യാപകന്‍ കുട്ടികളെ തേടി എട്ട്കിലോമീറ്ററോളം ദൂരം നടന്നെത്തുന്നത്. 

സൈന്യത്തിലെ സേവനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സേന്‍ പവ്വല്‍ അധ്യാപകവൃത്തിയിലേക്ക് പ്രവേശിച്ചത്. വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണമാണ് സേന്‍ പവ്വല്‍ വീടുകളില്‍ എത്തിക്കുന്നത്. ഭക്ഷണവും ഹോംവര്‍ക്കും നല്‍കുകയെന്നത് മാത്രമല്ല അവരുടെ ക്ഷേമം കൂടി തിരിക്കിയ ശേഷമാണ് സേന്‍ പോവുന്നത്. വാതില്‍പടിയില്‍ ഭക്ഷണം വച്ച ശേഷം വിദ്യാര്‍ഥികള്‍ അവ എടുത്ത് കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയ ശേഷമാണ് സേന്‍ മടങ്ങുന്നത്. പ്രധാനാധ്യാപകനും മറ്റൊരു അധ്യാപകനും ഊഴമിട്ടാണ് ഭക്ഷണവസ്തുക്കള്‍ എത്തിക്കുന്നത്. ഗ്രിംസ്ബിയിലെ ഈ പ്രാഥമിക വിദ്യാലയത്തിലെ 41 ശതമാനം വിദ്യാര്‍ഥികളും സൌജന്യ ഭക്ഷണത്തിന് അര്‍ഹരാണ്. ഈ മേഖലയിലെ 34 ശതമാനം വിദ്യാര്‍ഥികളും ദാരിദ്രമനുഭവിക്കുന്നവരാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

വീടുകളില്‍ ഭക്ഷണമെത്തിക്കുമ്പോള്‍ രക്ഷിതാക്കളും വളരെ സൌഹൃദപരമായാണ് ഇടപെടുന്നതെന്ന് സേന്‍ പവ്വല്‍ ദി ഇന്‍ഡിപെന്‍ഡിനോട് പറഞ്ഞു. ഈ ദിവസങ്ങളില്‍ കുട്ടികളുടെ വിവരങ്ങള്‍ അന്വേഷിക്കാനെത്തുന്ന ഒരാള്‍ താന്‍ മാത്രമാണെന്നാണ് രക്ഷിതാക്കളുടെ പ്രതികരണം. ഈ പ്രവര്‍ത്തിയില്‍ താന്‍ മാത്രമല്ല മറ്റ് അധ്യാപകരും ചേര്‍ന്നാണ് പ്രവര്‍ത്തികള്‍ ചെയ്യുന്നത്. താന്‍ ഭക്ഷണം എത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഈ അധ്യാപകന്‍റെ പ്രതികരണം. നിരവധി കുടുംബങ്ങളാണ് ഈ മേഖലയില്‍ കഷ്ടത അനുഭവിക്കുന്നത്. കുട്ടികളെ വീടിന് വെളിയില്‍ അയക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ അവരെ സഹായിക്കാന്‍ സാധിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സേന്‍ പറയുന്നു.  

click me!