
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സായുധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്‍ദങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം (എയർ ഡിഫൻസ്) വിജയകരമായി വെടിവെച്ചിടുന്നതിന്‍റെ ഭാഗമാണെന്ന് സൈന്യം അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈനിക വക്താവ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിന്‍റെ അതിർത്തി പോസ്റ്റുകൾക്ക് നേരെയും സമുദ്രത്തിലെ എണ്ണ ഖനന പ്ലാറ്റ്‌ഫോമിന് നേരെയും ശക്തമായ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം, ബഹ്‌റൈനിലും മുന്നറിയിപ്പുണ്ട്. ജോർദാനിലും അമേരിക്കൻ തവളങ്ങൾ ആക്രമിച്ചു എന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ ആക്രമിച്ച യുഎഇയുടെ കപ്പൽ മൊബാസയിൽ നിന്ന് 21 പേരെ ഒമാൻ രക്ഷിച്ചു. ഒമാൻ മരിടൈം സെക്യൂരിറ്റി സെന്‍ററാണ് വിവരം നൽകിയത്.
ഇതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ വ്യോമപാതകളിൽ കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി മുന്നറിയിപ്പ് നൽകി. ഇതിന്‍റെ ഭാഗമായി കുവൈത്ത്, യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയും ഒമാൻ ഉൾക്കടലിന് മുകളിലുള്ള വ്യോമപാതയും പൂർണ്ണമായും ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് ഏജൻസി അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മേഖലകളിൽ സർവീസ് നടത്തുന്നത് കടുത്ത സുരക്ഷാ വെല്ലുവിളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യാന്തര വിമാന സർവീസുകളുടെ റൂട്ടുകൾ പുനഃക്രമീകരിക്കാൻ വ്യോമയാന മന്ത്രാലയങ്ങൾ ഒരുങ്ങുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam