ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് ടോൾ ഈടാക്കാനുള്ള പ്രഖ്യാപനത്തിൽനിന്ന് ട്രംപിൻ്റെ പിന്മാറ്റം. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 20 ശതമാനം ടോൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽനിന്ന് ട്രംപ് പിന്മാറിയത്.

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം ടോൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് പിന്മാറി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ട്രംപിൻ്റെ പിന്മാറ്റം. യുഎസിന്റെ 20 ശതമാനം റീഇംബേഴ്സ്മെന്റ് ഫീസിന് പകരം, വിവിധ ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിൽ വ്യാപാര - നിക്ഷേപ കരാറുകളിൽ ഏർപ്പെടാൻ തീരുമാനിച്ചുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

മധ്യപൂർവേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്‍റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്നും പകരമായി അതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകളിൽനിന്ന് 20 ശതമാനം ടോൾ ഈടാക്കുമെന്നുമായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ ഗൾഫ് നേതാക്കളുമായി നടത്തിയ ഫലപ്രദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ, യുഎസിന്റെ 20 ശതമാനം റീഇംബേഴ്സ്മെന്റ് ഫീസിന് പകരം, വിവിധ ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ നടത്തുന്ന വ്യാപാര - നിക്ഷേപ കരാറുകൾ കൊണ്ടുവരാൻ തീരുമാനിച്ചതായി ട്രംപ് പറയുന്നു. നിക്ഷേപങ്ങൾ വളരെ വലുതായിരിക്കുമെന്നും ഗൾഫ് രാജ്യങ്ങൾക്ക് അസാധാരണമാംവിധം നല്ലതായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഹോർമുസ് കടലിടുക്ക് ഇപ്പോൾ ഇറാൻ ഒഴികെയുള്ള മറ്റെല്ലാ കപ്പൽ ഗതാഗതത്തിനുമായി തുറന്നു കൊടുത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. കള്ളം നിറഞ്ഞതും അക്രമാസക്തവും വിദ്വേഷം നിറഞ്ഞതുമായ നേതൃത്വം കാരണമാണ് ഇറാനെതിരായ നടപടി. അവർ തങ്ങളുടെ രാജ്യത്തെ സമ്പൂർണ നാശത്തിന്റെ പാതയിലേക്കാണ് നയിക്കുന്നത്. അതിനാൽ, ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുമുള്ളതോ അല്ലെങ്കിൽ ഇറാനിയൻ ചരക്കുകളുമായി ബന്ധപ്പെട്ടതോ ആയ കപ്പലുകൾക്ക് പൂർണ ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.

ചരിത്രത്തിൽ മറ്റേതൊരു രാജ്യത്തെക്കാളും വലിയ ഡോളർ നിക്ഷേപമാണ് അമേരിക്കയിലുള്ളതെന്നും പുതിയ നിക്ഷേപങ്ങൾ അത് വീണ്ടും വലുതാക്കുമെന്നും ട്രംപ് പറഞ്ഞു. ചരിത്രപരമായ തലങ്ങളിൽ ഫാക്ടറികളും പ്ലാന്റുകളും ഉപകരണങ്ങളും അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നത് നാം കാണും. ഇത് ദശലക്ഷക്കണക്കിന് ഉയർന്ന ശമ്പളമുള്ള അമേരിക്കൻ ജോലികൾ കൂടി സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളെ ഇറാൻ കൊന്നൊടുക്കുന്ന നാളുകൾ അവസാനിച്ചിരിക്കുകയാണെന്നും ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്നും ട്രംപ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.