
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിനിടെ ഇന്ത്യൻ സൈന്യം പ്രയോഗിച്ച ബ്രഹ്മോസ് മിസൈലിൽ ആണവായുധം ഉണ്ടോയെന്ന് തീരുമാനിക്കാൻ 30 മുതൽ 45 സെക്കന്‍ഡ് വരെ സമയം മാത്രമാണ് ലഭിച്ചതെന്ന് പാകിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്‍റെ വെളിപ്പെടുത്തൽ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ അടുത്ത അനുയായിയുമായ റാണ സനാവുള്ളയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ആണവ യുദ്ധത്തിന്‍റെ അപകട സാധ്യത ഏറെയായിരുന്നുവെന്നും റാണ സനാവുള്ള അവകാശപ്പെട്ടു
"റാവൽപിണ്ടിയിലെ പാകിസ്ഥാൻ വ്യോമസേനയുടെ പ്രധാന വ്യോമ താവളമായ നൂര്‍ ഖാനിലേക്ക് ഇന്ത്യ അയച്ച ബ്രഹ്മോസ് മിസൈലിൽ ആണുബോംബ് ഉണ്ടോയെന്ന് തീരുമാനിക്കാൻ 30-45 സെക്കന്‍ഡ് സമയം മാത്രമാണ് ലഭിച്ചിരുന്നത്. എന്തെങ്കിലും തീരുമാനിക്കാൻ 30 സെക്കന്‍ഡ് മാത്രം ലഭിക്കുന്നത് അതിഭയാനകമായ സാഹചര്യമായിരുന്നു"- റാണ സനാവുള്ള പറഞ്ഞു.
ആണവ യുദ്ധത്തിലേക്ക് പോകാതെ ഇന്ത്യ നല്ലതീരുമാനമെടുത്തുവെന്ന് പറയുന്നില്ല. എന്നാൽ, അതേസമയം, അത്തരത്തിലൊരു മിസൈൽ അയക്കുമ്പോള്‍ ഇവിടെയുള്ളവര്‍ അത്തരത്തിൽ അണുബോംബ് ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചേക്കും. അത് പിന്നീട് അണു ബോംബ് പ്രയോഗിക്കുന്നതിലേക്കും നയിക്കുകയും ആഗോള ആണവ യുദ്ധത്തിന് തിരികൊളുത്തുകയും ചെയ്യുമായിരുന്നുവെന്നും റാണ സനാവുള്ള പറഞ്ഞു.
അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് റാണ സനാവുള്ളയുടെ തുറന്നുപറച്ചിൽ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ഇടപെട്ടിരുന്നുവെന്നും റാണ സനാവുള്ള അവകാശപ്പെട്ടു. അണവ യുദ്ധമുണ്ടായേക്കാവുന്ന സാഹചര്യത്തിലാണ് ട്രംപ് ഇടപെട്ട് ദുരന്തമൊഴിവാക്കിയതെന്നും അതിനാലാണ് ട്രംപിന് സമാധാന നോബേൽ സമ്മാനത്തിന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നാമനിര്‍ദേശം ചെയ്തതെന്നും സനാവുള്ള പറഞ്ഞു.
വെടിനിര്‍ത്തലിന് ട്രംപ് ഇടപെട്ടുവെന്ന വാദം ഇന്ത്യൻ തള്ളിയിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്ഥാനിലെ ഭീകരതാവളങ്ങള്‍ തകര്‍ത്തിരുന്നു. ഇതിന് മറുപടിയായി പാകിസ്ഥാൻ പ്രത്യാക്രമണം നടത്തിയെങ്കിലും അതെല്ലാം ഇന്ത്യൻ സൈന്യം പ്രതിരോധിച്ചു. പ്രത്യാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ബ്രഹ്മോസ് മിസൈലടക്കം പ്രയോഗിച്ച് പാകിസ്ഥാനിലെ സൈനിക താവളങ്ങളിലടക്കം ആക്രമണം നടത്തിയത്.
ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചിരുന്നുവെന്ന് നേരത്തെ പാകിസ്ഥാൻ സമ്മതിച്ചിരുന്നു. എന്നാൽ, റാണ സനാവുള്ളയുടെ വെളിപ്പെടുത്തലോടെ ഇന്ത്യ അണുബോംബ് വിടുമോയെന്ന് പാകിസ്ഥാൻ ആശങ്കപ്പെട്ടിരുന്നുവെന്നാണ് വ്യക്തമാകുന്നത്. നൂര്‍ഖാനിലുണ്ടായ ബ്രഹ്മോസ് മിസൈലാക്രമണത്തോടെ പാകിസ്ഥാൻ പരിഭ്രാന്തിയിലേക്ക് പോയെന്നും അത് അണുബോംബ് ആക്രമണത്തിന്‍റെ സാധ്യതകളിലേക്കടക്കം പോയെന്നും സനാവുള്ള അഭിമുഖത്തിൽ സമ്മതിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam