
ഗാസ: ഹമാസ് നടത്തിയ അക്രമണത്തിന് പിന്നാലെ ഇസ്രായേൽ-പലസ്തീന്‍ പ്രശ്നം രൂക്ഷമാകുന്നു. ഇസ്രായേലിന്റെ പ്രധാന നഗരങ്ങളിൽ കയറി ഹമാസ് നേരിട്ട് ആക്രമണങ്ങൾ തുടങ്ങിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഹമാസിന്റെ ആക്രമണത്തിൽ മേയറടക്കം കൊല്ലപ്പെടുകയും നിരവധി സിവിലിയൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരങ്ങളിലേക്ക് പ്രവേശിച്ച ഹമാസ് തീവ്രവാദികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഹമാസ് വിക്ഷേപിച്ച ആയിരക്കണക്കിന് റോക്കറ്റുകൾ രാജ്യത്തേക്ക് പതിച്ചതോടെ ഇസ്രായേൽ യുദ്ധാവസ്ഥ പ്രഖ്യാപിച്ചു. മോട്ടോർ സൈക്കിളുകളിലും എസ്‌യുവികളിലും പാരാഗ്ലൈഡറുകളിലും ഹമാസ് തീവ്രവാദികൾ ഇസ്രായേലിന്റെ തെക്കൻ പട്ടണങ്ങളിൽ നുഴഞ്ഞുകയറുകയായിരുന്നു. ഹമാസിന്റെ ആക്രമണങ്ങളുടെ നിരവധി ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യ യുദ്ധമുനമ്പിൽ. യുദ്ധസാഹചര്യമാണ് നേരിടുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. അപ്രതീക്ഷിതമായി ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായാണ് ഹമാസ് അവകാശപ്പെട്ടത്. പിന്നാലെ ഇസ്രായേൽ നഗരങ്ങളിലേക്ക് ഹമാസ് തീവ്രവാദികൾ കടന്നുകയറുകയും ചെയ്തു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ യുദ്ധത്തിന് തയാറെന്ന് പ്രഖ്യാപിച്ചു. തുരുതുരാ റോക്കറ്റുകൾ തൊടുത്ത് ഇസ്രയേൽ നഗരങ്ങൾക്കുനേരെ ഹമാസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. യന്ത്ര തോക്കുകളുമായി അതിർത്തി കടന്ന് ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി. ആളുകൾക്കുനേരെ വിവേചനരഹിതമായി ഗ്രനേഡ് ആക്രമണവും വെടിവെപ്പും ഉണ്ടായതായി ഇസ്രയേൽ അറിയിച്ചു.