
വാഷിംഗ്‍ടണ്‍: പാകിസ്ഥാനിലെ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്. റഷ്യയുമായി കൈകോര്‍ക്കുന്നതിനു പുറമെ, തങ്ങള്‍ക്കെതിരായ മാധ്യമ റിപ്പോര്‍ട്ടുകളെ ചെറുക്കാന്‍ ചൈന ശ്രമിക്കുന്നുവെന്നാണ് യുഎസ് റിപ്പോര്‍ട്ട്. പാകിസ്ഥാനുമായി മാധ്യമ ഇടനാഴി ഉള്‍പ്പെടെ ആരംഭിക്കാന്‍ ചൈന കരട് തയ്യാറാക്കിയെന്നാണ് ആരോപണം.
വിദേശത്ത് ചൈനീസ് അനുകൂല വാര്‍ത്തകള്‍ ഉറപ്പാക്കാന്‍ ചൈന പ്രതിവർഷം കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിൽ ആരോപിച്ചു. ചൈനയെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഉയര്‍ത്തിക്കാട്ടാന്‍ തെറ്റായതോ അല്ലെങ്കിൽ പക്ഷപാതപരമോ ആയ വിവരങ്ങൾ കൈമാറുന്നു എന്നാണ് ആരോപണം.
ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) മീഡിയ ഫോറത്തിന് കീഴില്‍ ഉൾപ്പെടെ പാകിസ്ഥാനുമായി സഹകരണം ആഴത്തിലാക്കാൻ ബീജിംഗ് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ബീജിംഗും ഇസ്‌ലാമാബാദും ചേര്‍ന്ന് സിപിഇസി റാപ്പിഡ് റെസ്‌പോൺസ് ഇൻഫർമേഷൻ നെറ്റ്‌വർക്ക് പോലെയുള്ള സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത്, ചൈന - പാകിസ്ഥാൻ മാധ്യമ ഇടനാഴി (സിപിഎംസി) ആരംഭിക്കാന്‍ തീരുമാനിച്ചെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈന - പാകിസ്ഥാൻ മീഡിയ ഇടനാഴിയുടെ ഭാഗമായി പാക് മാധ്യമങ്ങളുടെ മേൽ കാര്യമായ നിയന്ത്രണം നേടാന്‍ ചൈന ശ്രമിച്ചെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ റിപ്പോർട്ട്. സിപിഇസി പഠന കേന്ദ്രങ്ങൾ, മാധ്യമ സ്ഥാപനങ്ങള്‍, പിആർസി കമ്പനികൾ തുടങ്ങിയവ വഴി പാകിസ്ഥാനെ നിരീക്ഷിക്കാൻ ചൈന ശ്രമിച്ചു. ചൈന, പാക് സർക്കാരുകൾ ചേര്‍ന്ന് 'ഇന്‍ഫര്‍മേഷന്‍ നാഡീ വ്യൂഹം' സ്ഥാപിക്കാനുള്ള കരട് രൂപീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനകീയാഭിപ്രായത്തെ സ്വാധീനിക്കാന്‍ പ്രധാനപ്പെട്ട റിപ്പോർട്ടുകൾ ഉറുദുവിലേക്ക് മൊഴി മാറ്റാന്‍ ചൈന സംവിധാനമുണ്ടാക്കി എന്നാണ് മറ്റൊരു ആരോപണം. റിപ്പോർട്ടുകൾ പാകിസ്ഥാന്റെ ഔദ്യോഗിക പ്രസ് റിലീസ് സംവിധാനത്തിലേക്ക് നേരിട്ട് നൽകുന്നു. എന്നിട്ട് പ്രാദേശിക തലത്തില്‍ ചൈന അനുകൂല റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നുവെന്നും അമേരിക്ക ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam