
ദില്ലി: ഇസ്രായേൽ - പലസ്തീൻ സംഘർഷം കടുക്കുമ്പോള്‍ ഹമാസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യുപ്പെട്ടു. ഹമാസ്.പിഎസ് എന്ന വെബ്സൈറ്റ് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കിംഗിന് പിന്നില്‍ ഇന്ത്യൻ ഹാക്കര്‍മാരാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യൻ സൈബര്‍ ഫോഴ്സ് എന്ന എക്സ് ( മുമ്പ് ട്വിറ്റര്‍) അക്കൗണ്ടില്‍ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസും ഐഎസ്ഐഎസും ഒരുപോലെയാണെന്നാണ് ഇസ്രായേലിന് ഒപ്പം എന്ന ഹാഷ് ടാഗില്‍ വന്നിട്ടുള്ള പോസ്റ്റില്‍ പറയുന്നത്.
അതേസമയം, പലസ്തീൻ സായുധ സംഘടനയായ ഹമാസിനെതിരെ ഇസ്രയേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്.
ഇസ്രായേലിന് അമേരിക്ക സാമ്പത്തിക - സൈനിക സഹായം നൽകും. അധിക സാമ്പത്തിക - സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.
ഇസ്രയേലിന്റെ സഹായ അഭ്യർത്ഥനകൾ അവലോകനം ചെയ്യുകയാണെന്നും തീരുമാനം ഇന്ന് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിനെ അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ബ്ലിങ്കൻ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഇസ്രായേലിൽ ഹമാസ് ആക്രമണം നടത്തിയത്. 5,000 റോക്കറ്റുകളാണ് 20 മിനിറ്റിൽ ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് കുതിച്ചത്.
കെട്ടിടങ്ങൾ നാമാവശേഷമായി. ഇറാന്റെ സഹായത്തോടെ ഇസ്രായേലിനുള്ളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. പിന്നാലെ യന്ത്ര തോക്കുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം തെരുവിൽ വെടിവെപ്പും നടത്തി. ആക്രമണം ആരംഭിച്ച് 36 മണിക്കൂറിന് ശേഷവും ഇസ്രയേലിനുള്ളിൽ ഹമാസിന്റെ ആക്രമണം തുടരുകയാണ്. സൈനികർ അടക്കം നൂറിലേറെ ഇസ്രയേലി പൗരന്മാർ ഇപ്പോഴും ബന്ദികളാണെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam