
യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. സെൻട്രൽ ഇംഗ്ലണ്ടിലെ വോർസെസ്റ്ററിൽ വെച്ചുണ്ടായ ആക്രമണത്തിൽ ഹരിയാനയിലെ ചർഖി ദാദ്രി സ്വദേശിയായ വിജയ് കുമാർ ഷിയോറാൻ (30) എന്ന വിദ്യാർത്ഥിയാണ് കുത്തേറ്റു മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച പുലർച്ചെ 4:15 ഓടെ വോർസെസ്റ്ററിലെ ബാർബേൺ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് യുവാവിനെ ഉദ്യോഗസ്ഥർ കണ്ടെത്തിയത് എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ ദൃക്‌സാക്ഷികൾ ആരെങ്കിലുമുണ്ടെങ്കിൽ വിവരങ്ങൾ നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കും.
ഏഷ്യാനെറ്റ് ന്യബസ് ലൈവ്