
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ മേഗൻ മാർക്കൽ. രാജകുടുംബത്തിൽ നിന്നും കടുത്ത വംശീയതയും അവഗണനയും നേരിടേണ്ടി വന്നുവെന്നാണ് മേഗൻ വെളിപ്പെടുത്തിയത്. തന്റെ മകൻ ജനിക്കുന്നതിന് മുൻപ് തന്നെ നിറത്തെ കുറിച്ച് രാജകുടുംബത്തിന് ആശങ്കയുണ്ടായിരുന്നു. തന്റെ പിതാവ് വെളുത്ത വംശജനും മാതാവ് കറുത്ത വംശജയും ആയതിനാലാണ് രാജകുടുംബത്തിന് ഇത്തരമൊരു ആശങ്ക നിലനിന്നത്.
മകന് നിറം കുറവാണെങ്കിൽ രാജകുമാരന് എന്ന പദവി നൽകുന്നതിലെ ബുദ്ധിമുട്ട് രാജകുടുംബത്തിലെ ഒരു വ്യക്തി ഹാരിയെ അറിയിച്ചിരുന്നുവെന്നും മേഗൻ വെളിപ്പെടുത്തി. വിവാഹത്തിന് ശേഷം കുടുംബത്തിലെ ചില അംഗങ്ങളിൽ നിന്നും വംശീയ പരാമർശങ്ങൾ നേരിടേണ്ടിവന്നുവെന്നും അവർ പറഞ്ഞു. യുഎസ് മാദ്ധ്യമമായ സിബിഎസിൽ ഓപ്ര വിൻഫ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മേഗന്റെ തുറന്നുപറച്ചിൽ.
ഹാരിയും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. മേഗന്റെ വംശവുമായി ബന്ധപ്പെട്ട് കുടുംബത്തിലുണ്ടായ ആശങ്കകൾ പലപ്പോഴും തനിക്ക് നേരിടേണ്ടിവന്നുവെന്ന് ഹാരി പറഞ്ഞു. കുടുംബത്തിന്റെ വ്യവസ്ഥകളിലും ചട്ടക്കൂടുകളിലും കുടുങ്ങിപ്പോയ വ്യക്തിയായിരുന്നു താൻ. എന്നാൽ ഇതിൽ നിന്നും പുറത്തുകടക്കണമെന്ന് താൻ ആഗ്രഹിച്ചു. അങ്ങനെയാണ് രാജകുടുംബത്തിൽ നിന്നും പുറത്തെത്തിയതെന്നും ഹാരി തുറന്നു പറഞ്ഞു.
തന്റെ പിതാവ് ചാൾസ് രാജകുമാരനുമായി നല്ല ബന്ധമല്ലെന്ന കാര്യവും ഹാരി അഭിമുഖത്തിൽ തുറന്ന് സമ്മതിക്കുന്നുണ്ട്. താൻ ഫോൺ വിളിച്ചാൽ പോലും പിതാവ് എടുക്കാറില്ലെന്ന് ഹാരി ആരോപിക്കുന്നു. ഇതിനൊപ്പം തന്നെ തനിക്ക് ഇപ്പോൾ രാജകുടുംബത്തിലെ ഒരു അംഗത്തിന്റെയും സാമ്പത്തിക പിന്തുണയില്ലെന്നും ഹാരി തുറന്നു സമ്മതിക്കുന്നു. അമ്മ ഡയാന രാജകുമാരിയുടെ ചില നീക്കിയിരിപ്പുകളാണ് തന്റെ ഇപ്പോഴത്തെ വരുമാനം എന്ന് ഹാരി പറയുന്നുണ്ട്.
2020 ജനുവരിയിലാണ് കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിഞ്ഞു പോകുന്നതായി ഹാരി പ്രഖ്യാപിച്ചത്. ഹാരി രാജകുമാരനുമായുള്ള പ്രണയത്തിന് ഒടുവില് 2018ല് ആയിരുന്നു മേഗന് രാജകുടുംബത്തിലേക്ക് വിവാഹിതയായി എത്തിയത്. അമേരിക്കൻ വംശജയായ മേഗൻ ഹോളിവുഡ് നടിയുമായിരുന്നു. ഇപ്പോൾ രാണ്ടാമത്തെ കുട്ടിക്കുള്ള കാത്തിരിപ്പിലാണ് ഹാരി മേഗൻ ദമ്പതികൾ. രണ്ടാമത്തെ കുട്ടി പെണ്ണാണ് എന്ന സൂചനയും അഭിമുഖത്തിൽ ഇരുവരും നൽകുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam