'ഹൗഡി മോദി'; പാകിസ്ഥാനുമായി ഇപ്പോൾ ചർച്ചയ്ക്കില്ലെന്ന് ട്രംപിനെ അറിയിച്ച് മോദി

Published : Sep 25, 2019, 06:44 AM ISTUpdated : Sep 25, 2019, 07:14 AM IST
'ഹൗഡി മോദി'; പാകിസ്ഥാനുമായി ഇപ്പോൾ ചർച്ചയ്ക്കില്ലെന്ന് ട്രംപിനെ അറിയിച്ച് മോദി

Synopsis

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ന്യൂയോർക്കില്‍ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള തർക്കം തീർക്കുന്നതിൽ മോദി-ട്രംപ് കൂടിക്കാഴ്ച പരാജയപ്പെട്ടു. 

വാഷിങ്ടൺ: പാകിസ്ഥാനുമായി ഇപ്പോൾ ചർച്ചയ്ക്കുള്ള സാഹചര്യം ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചു. ഭീകരവാദത്തിനെതിരെ കർശന നടപടി വേണമെന്നും പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താൻ താൻ ശ്രമിച്ചിട്ടില്ലെന്നും മോദി വ്യക്തമാക്കി. അതേസമയം, ഇന്ത്യാ-അമേരിക്ക വ്യാപാര കരാറിനെക്കുറിച്ചുള്ള തർക്കം തീർക്കുന്നതിൽ മോദി-ട്രംപ് കൂടിക്കാഴ്ച പരാജയപ്പെട്ടു. ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ സംബന്ധിച്ചുള്ള ചർച്ചയാണ് പരാജയപ്പെട്ടത്.

പരസ്പരം പുകഴ്ത്തിയാണ് ഇരു നേതാക്കളും ചർച്ച തുടങ്ങിയത്. മോദിയെ ഇന്ത്യയുടെ പിതാവെന്നും റോക്ക്സ്റ്റാറെന്നുമാണ് ട്രംപ് പുകഴ്ത്തിയത്. മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിക്കാം. അതു പോലെയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നത്. ഇന്ത്യയോടും പ്രധാനമന്ത്രിയോടും ഏറെ സ്നേഹമാണ് തനിക്കുള്ളത്. മോദി എൽവിസ് പ്രസ്ലിയെ പോലെ സ്റ്റാറെന്നും ട്രംപ് പറഞ്ഞു. ഇന്ത്യാ-അമേരിക്ക ബന്ധം ഊഷ്മളമാണ്. ഇത് ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകുകയാണെന്ന് മോദിയും കൂട്ടിച്ചേർത്തു. ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നതല്ല. മറിച്ച് പാകിസ്ഥാൻ ഭീകരവാദത്തിനെതിരെ ഉറച്ച നടപടികൾ കെക്കൊള്ളേണ്ടതുണ്ട്. ഇതുണ്ടാവുന്നില്ല എന്നും മോദി വ്യക്തമാക്കി.

ഇന്ത്യയെ ഒന്നിച്ചു കൊണ്ടുവരാൻ മോദിക്ക് കഴിഞ്ഞെന്ന പരാമർശവുമുണ്ടായി. മധ്യസ്ഥത എന്ന നിർദ്ദേശം ആവർത്തിക്കാത്ത ട്രംപ് ഇരു നേതാക്കളും ചർച്ച നടത്തണമെന്ന് നിർദ്ദേശിച്ചു. തന്റെ ആദ്യ സത്യപ്രതിജ്ഞയ്ക്ക് പാക് പ്രധാനമന്ത്രിയെ വിളിച്ചതും ലാഹോറിലേക്ക് പോയതും മോദി വിശദീകരിച്ചു. എന്നാൽ പഠാൻകോട്ടിലും ഉറിയിലും ഭീകരരെ അയച്ചാണ് പാകിസ്ഥാൻ പ്രതികരിച്ചത്. ഇതിനു പിന്നിലുള്ളവരെ പോലും പാകിസ്ഥാൻ നിയമത്തിനുമുന്നിൽ കൊണ്ടു വരാൻ പാകിസ്ഥാൻ തയ്യാറായില്ലെന്ന് മോദി പറഞ്ഞു. 

പാക് കേന്ദ്രീകൃത ഭീകരവാദം തടയാൻ മോദിക്കാകും എന്ന് ഒരു ചോദ്യത്തിനുത്തരമായി ട്രംപ് പറഞ്ഞു. ഇന്ത്യാ അമേരിക്ക വ്യാപാര കരാറിന് അന്തിമ രൂപം നല്കാൻ വാണിജ്യമന്ത്രി പിയൂഷ് ഗോയലും ന്യൂയോർക്കിൽ എത്തിയിരുന്നു. എന്നാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക നല്കേണ്ട തീരുവ ഇളവിൽ തട്ടി ചർച്ചകൾ ഉടക്കി. കരാർ മോദിയുടെ ഈ സന്ദർശനവേളയിൽ ഒപ്പുവയ്ക്കില്ല.

പ്രതീക്ഷിച്ചതു പോലുള്ള വലിയ പ്രഖ്യാപനങ്ങൾ കൂടിക്കാഴ്ചയ്ക്കു ശേഷം ഉണ്ടായില്ല. എന്നാൽ ഇരുനേതാക്കൾക്കും ഇടയിലെ ബന്ധം ഊഷ്മളമാകുന്നു എന്ന സൂചന കൂടിക്കാഴ്ച നല്കി. സെപ്റ്റംബര്‍ 22-നാണ് ഹൂസ്റ്റണിൽ ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചത്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒരുമിച്ച പരിപാടിയില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും പങ്കെടുത്തതോടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ഹൗഡി മോദി പരിപാടിക്ക് ലഭിച്ചു. 

 

PREV
click me!

Recommended Stories

അസുഖം നടിച്ചെത്തി വനിതാ ഡോക്ടർമാർക്കു മുന്നിൽ നഗ്നതാ പ്രദർശനം; കാനഡയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
'ആയുധധാരികളായ സൈനികർ ഹെലികോപ്ടറിൽ നിന്ന് കപ്പലിലേക്ക്', വെനസ്വേയുടെ വമ്പൻ എണ്ണകപ്പൽ പിടിച്ചെടുത്ത് അമേരിക്ക, വീഡിയോ പുറത്ത്