
ഒട്ടാവ: ലോട്ടറി സമ്മാനമായി ലഭിച്ച 50 ലക്ഷം കനേഡിയന്‍ ഡോളര്‍ (30 കോടി രൂപ) കാമുകിയെ വിശ്വസിച്ചേൽൽപ്പിച്ച യുവാവിനെ വഞ്ചിച്ച് യുവതി മറ്റൊരു യുവാവിനൊപ്പം പണവുമായി ഒളിച്ചോടി. സമ്മാനത്തുകയുമായി കാമുകനോടൊപ്പം ഒളിച്ചോടിയ മുൻ കാമുകിക്കെതിരെ യുവാവ് കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. കാനഡയിലാണ് സംഭവം. കാനഡയിലെ വിന്നിപെഗിലുളള ലോറൻസ് കാംബെലിനാണ് വലിയ തുക സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ വർഷമായിരുന്നു ലോട്ടറിയടിച്ചത്. എന്നാൽ പണം വാങ്ങുന്നതിനാവശ്യമായ തിരിച്ചറിയൽ രേഖകൾ ലോറൻസിന്റെ കൈവശം ഉണ്ടായിരുന്നില്ല തുടർന്ന് ലോട്ടറി അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ലോറൻസ്, മുൻകാമുകി ക്രിസ്റ്റൽ ആൻ മക്കേയെ പണം കൈപ്പറ്റാനായി ചുമതലപ്പെടുത്തി. എന്നാൽ, വെസ്റ്റേൺ കാനഡ ലോട്ടറി കോർപറേഷനിൽ (ഡബ്ല്യൂസിഎൽസി) നിന്ന് സമ്മാനത്തുക വാങ്ങിയ ക്രിസ്റ്റൽ സമ്മാനത്തുകയുമായി മറ്റൊരു കാമുകനൊപ്പം മുങ്ങുകയായിരുന്നു.
കാമുകിയെ താൻ പൂർണമായും വിശ്വസിച്ചിരുന്നുവെന്ന് ലോറൻസ് പറഞ്ഞു. ഒന്നര വർഷത്തോളം ഒരുമിച്ച് താമസിച്ച വ്യക്തിയാണ് ക്രിസ്റ്റൽ. തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ തുക ക്രിസ്റ്റലിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമ്മാനം ലഭിച്ചതിന് പിന്നാലെ വീണ്ടും ടിക്കറ്റെടുക്കാൻ ക്രിസ്റ്റൽ നിർബന്ധിച്ചു. എന്നാൽ പണം അക്കൗണ്ടിലെത്തി ദിവസങ്ങൾക്കുളളിൽ തന്നെ ക്രിസ്റ്റലിനെ കാണാതാകുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് ക്രിസ്റ്റലിനെ മറ്റൊരു പുരുഷനോടൊപ്പം മോശം സാഹചര്യത്തിൽ കണ്ടെത്തിയതായി അറിഞ്ഞത്. എന്നാൽ, ആരോപണങ്ങൾ ക്രിസ്റ്റലും അവരുടെ അഭിഭാഷകനും നിഷേധിച്ചു. ഡബ്ല്യൂസിഎൽസിക്കെതിരെയും ലോറൻസ് പരാതി നൽകിയിട്ടുണ്ട്. കൃത്യമായ തിരിച്ചറിയൽ രേഖകൾ ഇല്ലെന്ന് പറഞ്ഞപ്പോൾ തെറ്റായ ഉപദേശം നൽകി തന്നെ ഡബ്ല്യൂസിഎൽസി വഞ്ചിച്ചെന്നും ഇയാൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam