
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന് പാകിസ്ഥാൻ. അഫ്ഗാനിലേക്ക് അംബാസഡറെ നിയമിക്കുമെന്നും പാകിസ്ഥാൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യ താലിബാനുമായി രാഷ്ട്രീയ ബന്ധത്തിന് തുടക്കമിട്ടതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നയം മാറ്റം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കിയും ചർച്ച നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയ രാജ്യമായിരുന്നു അഫ്ഗാൻ. തുടർന്ന് ഇന്ത്യ അഫ്ഗാന് നന്ദി പറഞ്ഞിരുന്നു.
നേരത്തെ താലിബാന്‍റെ വിദേശകാര്യമന്ത്രിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണില്‍ വിളിച്ചിരുന്നു. പഹൽഗാം ആക്രമണം അപലപിച്ചതിന് താലിബാന്‍ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുതാഖിക്ക് ജയശങ്കര്‍ നന്ദി അറിയിച്ചു. അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയിൽ ഭിന്നതയുണ്ടാക്കാനുള്ള ചിലരുടെ നീക്കം പരാജയപ്പെട്ടെന്നും ജയശങ്കർ പറഞ്ഞു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനുമിടയില്‍ ഭിന്നത രൂക്ഷമാകുന്ന അവസരത്തിലാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു നീക്കം. ഇതാദ്യമായാണ് വിദേശകാര്യമന്ത്രി തലത്തിൽ താലിബാനുമായി ഇന്ത്യ ബന്ധപ്പെടുന്നത്.