
ലാഹോര്‍: മതിയായ ചികിത്സ ലഭിക്കാതെ പാകിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ ആള്‍ മരിച്ചു. 55കാരനായ നൂറുല്‍ ഹസനാണ് മരിച്ചത്. 330 കിലോ ആയിരുന്നു ഇയാളുടെ തൂക്കം. ലാഹോറിലെ ഷാലമാര്‍ ആശുപത്രിയിലായിരുന്നു സംഭവം.
ചികിത്സയിലുണ്ടായിരുന്ന ഒരു സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ ഹസനെ പരിചരിക്കേണ്ട ജീവനക്കാര്‍ ഇല്ലാതെ വന്നു. നൂറുല്‍ ഹസനും മറ്റൊരു രോഗിയും മതിയായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങി.
അക്രമങ്ങളെ തുടര്‍ന്ന് മിക്ക ജീവനക്കാരും ജോലി ചെയ്യാതെ മടങ്ങിയിരുന്നു. ഐസിയുവില്‍ ജീവനക്കാര്‍ ഇല്ലാതെ വരികയും തുടര്‍ന്ന് ചികിത്സ ലഭിക്കാതെ നൂറുല്‍ ഹസന്റെ നില വഷളാവുകയുമായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കള്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. നൂറുല്‍ ഹസനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ പാക് സൈനിക ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് അടുത്തിടെ വാര്‍ത്തയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam